പ്രളയകാല രക്ഷാപ്രവര്‍ത്തനത്തിന്റെ മോക് ഡ്രില്ലില്‍ പങ്കെടുത്ത യുവാവിന് ദാരുണ മരണം
മല്ലപ്പള്ളിയില്‍ പ്രളയകാല രക്ഷാപ്രവര്‍ത്തനത്തിന്റെ മോക്ഡ്രില്ലില്‍ പങ്കെടുത്ത യുവാവ് ദാരുണമായി കൊലപ്പെട്ടു. മല്ലപ്പള്ളി പടുതോട് കടവില്‍ മണിമലയാറ്റില്‍ നടന്ന മോക്ഡ്രില്ലിനിടെയാണ് അപകടമുണ്ടായത്. തുരുത്തിക്കാട് പാലത്തുങ്കല്‍ സ്വദേശി ബിനു സോമനാണ് മരിച്ചത്. യുവാവ് ചെളിയില്‍ താഴ്ന്നു പോകുകയായിരുന്നു.
മോക് ഡ്രില്ലിന്റെ ഭാഗമായി അപകടത്തില്‍ പെട്ടുപോകുന്നവരായി നില്ക്കാന് പ്രദേശവാസികളായ നാലു പേരെ തയ്യാറാക്കിയിരുന്നു. റവന്യൂ വകുപ്പാണ് ബിനു ഉള്‍പ്പെടെയുള്ളവരെ കണ്ടെത്തിയത്. ഇവരെ പ്രളയകാലത്ത് അപകടത്തില്‍ പെടുന്നവരെന്ന രീതിയില്‍ ആറ്റില്‍ ഇറക്കി നിര്‍ത്തുകയും രക്ഷാപ്രവര്‍ത്തകര്‍ ബോട്ടിലെത്തി രക്ഷപ്പെടുത്തുന്നതുമായിരുന്നു ഡ്രില്ലില്‍ ചെയ്യാന്‍ ഉദ്ദേശിച്ചത്.
എന്നാല്‍ ഇതിനിടെ ബിനു ചെളിയില്‍ താഴ്ന്നു പോകുകയായിരുന്നു. തെരച്ചില്‍ നടത്തിയെങ്കിലും അര മണിക്കൂറിനു ശേഷമാണ് ബിനുവിനെ കണ്ടെത്താനായത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. എന്‍.ഡി.ആര്.എഫ്., റവന്യൂ വകുപ്പ്, ഫയര്‍ഫോഴ്സ്, പോലീസ് , ആരോഗ്യ വകുപ്പ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മോക്ഡ്രില്‍ സംഘടിപ്പിച്ചിരുന്നത്.