സിനിമാ തീയേറ്ററുകളില്‍ പുറത്തു നിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ വിലക്കാം; പക്ഷേ ശുദ്ധമായ കുടിവെള്ളം സൗജന്യമായി നല്‍കണമെന്ന് സുപ്രീം കോടതി
സിനിമാ തീയേറ്ററുകളില്‍ പുറത്തു നിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ വിലക്കാന്‍ ഉടമകള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി. സിനിമ തീയറ്ററുകളിലും മള്‍ട്ടിപ്ലക്സുകളിലും എത്തുന്നവര്‍ക്ക് ഭക്ഷണവും പാനീയങ്ങളും കൊണ്ടുവരാമെന്നും അവ തടയരുതെന്നും ജമ്മു കശ്മീര്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്റെ ഉത്തരവ്.
അതേസമയം ശുദ്ധമായ കുടിവെള്ളം സൗജന്യമായി നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. പ്രായമായവര്‍ക്കും ശിശുക്കള്‍ക്കും കൊണ്ടുവരുന്ന ഭക്ഷണവും പാനീയങ്ങളും തടയരുതെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. തീയേറ്ററുകള്‍ സ്വകാര്യ സ്വത്താണ്. അവിടെ ഭക്ഷണവും പാനീയങ്ങളും വില്‍ക്കുന്നതും ഉപയോഗിക്കുന്നതും സംബന്ധിച്ച നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ തീയറ്റര്‍ ഉടമകള്‍ക്ക് അധികാരമുണ്ട്.
എന്നാല്‍ തീയേറ്ററുകളിലും മള്‍ട്ടിപ്ലെക്സുകളിലും വില്ക്കാന് വെച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങള്‍ വാങ്ങാതിരിക്കാനുള്ള അധികാരം സിനിമ കാണാന്‍ വരുന്നവര്ക്കുണ്ടെന്നും കോടതി വ്യക്തമാക്കി.