വിമാനത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച സംഭവം; എയര്‍ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ, പൈലറ്റിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
വിമാനത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ. യാത്രക്കാരി പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ വൈകിയതിനാണ് പിഴ. വിമാന സര്‍വീസുകളുടെ ഡയറക്ടര്‍ വസുധ ചന്ദ്ര മൂന്നു ലക്ഷം രൂപ പിഴയടയ്ക്കണം. പൈലറ്റിന്റെ ലൈസന്‍സ് മൂന്നു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ നവംബര്‍ 26 നാണ് സംഭവമുണ്ടായത്. 72-കാരിയായ സ്ത്രീയുടെ മേല്‍ മദ്യലഹരിയില്‍ ശങ്കര്‍ മിശ്ര എന്ന യാത്രക്കാരന് മൂത്രമൊഴിച്ചെന്നാണ് പരാതി. വിമാനജീവനക്കാരോട് പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും ഡല്‍ഹിയില്‍ വിമാനം എത്തിയപ്പോള്‍ പ്രതി കൂസലില്ലാതെ ഇറങ്ങിപ്പോയെന്നും പരാതിയില്‍ പറയുന്നു.
ടാറ്റാ ഗ്രൂപ്പ് ചെയര്മാന് എന്‍. ചന്ദ്രശേഖരന് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് സംഭവത്തില്‍ നടപടിയുണ്ടായത്. സംഭവം വിവാദമായതോടെ യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായിരുന്ന മിശ്രയെ കമ്പനി പുറത്താക്കി. ഒളിവില്‍ പോയ മിശ്രയെ ബംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്.
പരാതിയില്‍ എയര്‍ ഇന്ത്യ കാര്യമായ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതോടെ ശങ്കര്‍ മിശ്രയ്ക്ക് എയര്‍ ഇന്ത്യ നാലു മാസത്തെ യാത്രാവിലക്ക് കഴിഞ്ഞ ദിവസം ഏര്‍പ്പെടുത്തി.