ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുമെന്ന നിലപാട് അപക്വം; ശശി തരൂര്‍
ഗുജറാത്ത് കലാപത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുമുള്ള ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുമെന്ന നിലപാട് അപക്വമാണെന്ന് ശശി തരൂര്‍. അനില്‍ കെ ആന്റണിയുടെ നിലപാടിനെ തള്ളിക്കൊണ്ടാണ് തരൂരിന്റെ അഭിപ്രായ പ്രകടനം. കേന്ദ്ര സര്‍ക്കാര്‍ ഡോക്യുമെന്ററി നിരോധിച്ചില്ലായിരുന്നെങ്കില്‍ ഈ വിവാദം ഉണ്ടാകുമായിരുന്നില്ല.
മാധ്യമങ്ങള്‍ക്കു പറയാന്‍ അവകാശമുള്ളതുപോലെ ജനങ്ങള്‍ക്കു കാണാനും കാണാതിരിക്കാനും അവകാശമുണ്ട്. ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് കാണാന്‍ അനുവദിക്കാത്തത് ജനാധിപത്യത്തിനു വിരുദ്ധമാണ്. ജനാധിപത്യത്തില്‍ അഭിപ്രായ സ്വാതന്ത്യമുണ്ട്. അത് ജനങ്ങള്‍ക്കു ഭരണഘടന കൊടുക്കുന്ന സ്വാതന്ത്ര്യമാണ്. എന്നാല്‍, പ്രധാനമന്ത്രിയെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ വിദേശ സ്ഥാപനം പറയുമ്പോള്‍ വേറെ രീതിയിലും കാണുന്നവരുണ്ട്.
ഗുജറാത്തിലെ കലാപ വിഷയത്തില്‍ സുപ്രീംകോടതി വിധി നേരത്തേ വന്നതാണ്. വിധിയില്‍ പലര്‍ക്കും അസന്തുഷ്ടിയുണ്ടാകും. പക്ഷേ, വിധി വന്നശേഷം മറ്റൊരു രീതിയില്‍ ചര്‍ച്ച ചെയ്തിട്ടു കാര്യമില്ല. രാജ്യത്തിനു മുന്നോട്ടു പോകണം. രാജ്യത്തെ വിവിധ വിഷയങ്ങള്‍ പരിഹരിക്കണമെങ്കില്‍ പണ്ടു നടന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടു കാര്യമില്ല.
ഡോക്യുമെന്ററി കാണിക്കാന്‍ പാടില്ല എന്നതിനോട് യോജിപ്പില്ല. സെന്‍സര്‍ഷിപ്പ് ഭരണഘടനയിലില്ല. 2002ല്‍ കലാപ സമയത്ത് ബ്രിട്ടിഷ് നയതന്ത്രജ്ഞര്‍ റിപ്പോര്‍ട്ട് ചെയ്ത കാര്യങ്ങളാണ് ഇപ്പോള്‍ ബിബിസി ഡോക്യുമെന്ററിയാക്കിയത്. ബ്രിട്ടനില്‍ കലാപം നടന്ന സമയത്ത് ഇന്ത്യയും നയതന്ത്രജ്ഞരെ അയച്ചിട്ടുണ്ടെന്നും തരൂര്‍ പറഞ്ഞു.