കെ ആര് നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സ്ഥാനം അടൂര്‍ ഗോപാലകൃഷ്ണന് രാജിവെച്ചു
കോട്ടയം കെ ആര് നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് സ്ഥാനം സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് രാജിവെച്ചു. ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ശങ്കര്‍ മോഹന്‍ നേരത്തെ രാജിവെച്ചിരുന്നു. ജാതി വിവേചനം ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തെത്തുടര്‍ന്നാണ് രാജി. തിരുവനന്തതപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് അടൂര്‍ രാജി പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കഴിഞ്ഞ ദിവസം രാജിക്കത്ത് നല്‍കിയതായി അടൂര്‍ പറഞ്ഞു. അടിസ്ഥാന രഹിതമായ ആരോപണങ്ങളും വൃത്തികെട്ട അധിക്ഷേപങ്ങളുമാണ് ശങ്കര്‍ മോഹന്‍ നേരെയുണ്ടായതെന്ന് രാജിക്കത്തില്‍ അടൂര്‍ പറയുന്നു. ശങ്കര്‍ മോഹനെതിരേ ഉയര്‍ന്നുവന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്നും അടൂര്‍ പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരാഘോഷങ്ങള്‍ക്ക് പിന്നില്‍ ആരെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാധ്യമങ്ങള്‍ ഒരുഭാഗം മാത്രം കേട്ടു. സമരാഘോഷങ്ങള്‍ക്ക് പിന്നില്‍ ആരെന്ന് അന്വേഷിക്കണം. ഗേറ്റ് കാവല്‍ക്കാരനായ വിദ്വാന് സമരാസൂത്രണത്തില്‍ പങ്കുണ്ട്. പിആര്‍ഒ അടക്കം ചില ജീവനക്കാരും ഒളിപ്രവര്‍ത്തനം നടത്തിയെന്നും അടൂര്‍ ആരോപിച്ചു. ശുചീകരണത്തൊഴിലാളികളില്‍ പട്ടികജാതിക്കാരില്ലെന്നും അടൂര്‍ പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനം സംബന്ധിച്ച പരാതികള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മിഷനെ വിമര്‍ശിച്ച അടൂര്‍, കാര്യമായി അന്വേഷിച്ചില്ലെന്ന് കുറ്റപ്പെടുത്തി. സത്യസന്ധരായ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.