ഇന്ധനത്തിനും മദ്യത്തിനും സാമൂഹ്യ സുരക്ഷാ സെസ്, കെട്ടിട നികുതി വര്‍ദ്ധിപ്പിക്കും; സംസ്ഥാന ബജറ്റ്
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ നികുതികള്‍ വര്‍ദ്ധിപ്പിച്ചു. പെട്രോളിനും ഡീസലിനും മദ്യത്തിനും സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തി. ഇന്ധനത്തിന് രണ്ടു രൂപയാണ് സെസ് ഏര്‍പ്പെടുത്തിയത്. 500 രൂപ മുതല്‍ 999 രൂപ വരെയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മേല്‍ വിലയുള്ള മദ്യത്തിന് 40 രൂപയും സെസ് ഏര്‍പ്പെടുത്തി. ഫലത്തില്‍ മദ്യവില വീണ്ടും വര്‍ദ്ധിക്കും.
ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി. വിപണിമൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനം. വൈദ്യുതി തീരുവ അഞ്ച് ശതമാനം കൂട്ടി. ഫ്ളാറ്റുകള്‍ക്കും അപ്പാര്‍ട്ട്മെന്റുകള്‍ക്കും മുദ്രവില രണ്ട് ശതമാനം കൂട്ടി. കെട്ടിട നികുതിയും വര്‍ദ്ധിപ്പിക്കും. കെട്ടിട നികുതിക്കൊപ്പം അപേക്ഷാഫീസ്, പരിശോധന ഫീസ്, പെര്‍മിറ്റ് ഫീസ് എന്നിവയും പരിഷ്കരിക്കും.
വാഹനങ്ങളുടെ രജിസ്ട്രേഷന് സമയത്ത് ഈടാക്കുന്ന സെസില്‍ ഇരട്ടി വര്‍ധനവ് ഏര്‍പ്പെടുത്തി. ഇരുചക്ര വാഹനങ്ങള്‍ക്ക് ഇപ്പോള്‍ 50 രൂപയാണ് സെസ് ഇത് 100 രൂപയായി ഉയര്‍ത്തി. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 100 രൂപയില്‍ നിന്ന് 200 രൂപയായും മീഡിയോ മോട്ടോര്‍ വാഹനങ്ങള്‍ക്ക് 150 രൂപയില്‍ നിന്ന് 300 രൂപയായും ഹെവി വാഹനങ്ങള്‍ക്ക് 250 രൂപയില്‍ നിന്ന് 500 രൂപയായും വര്‍ധിപ്പിച്ചു.
ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറയ്ക്കുമെന്നും ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. പുതുതായി വാങ്ങുന്ന രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകളുടെ നികുതി രണ്ട് ശതമാനം വര്‍ധിപ്പിക്കും. വിലക്കയറ്റ ഭീഷണി നേരിടാന്‍ ബജറ്റില്‍ 2000 കോടി വകയിരുത്തിയിട്ടുണ്ടെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി അറിയിച്ചു.