കെഎസ്ആര്‍ടിസിയില്‍ ഇനി ശമ്പളം നല്‍കുക ടാര്‍ഗറ്റ് അനുസരിച്ച്; പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍
കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് ടാര്‍ഗറ്റ് ഏര്‍പ്പെടുത്തുന്നു. വരുമാനത്തില്‍ ടാര്‍ഗറ്റ് തികയ്ക്കുന്നത് അനുസരിച്ചായിരിക്കും ഇനി ശമ്പളം നല്‍കുക. ഡിപ്പോ തലത്തില്‍ ഇതിനായി ടാര്‍ഗറ്റ് നിശ്ചയിക്കുമെന്ന് ഗതാഗാതമന്ത്രി ആന്റണി രാജു പറഞ്ഞു. തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന ശില്പശാലയിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ബസും ജീവനക്കാരുടെ എണ്ണവും അനുസരിച്ചായിരിക്കും ടാര്‍ഗറ്റ് നിശ്ചയിക്കുക.
ലക്ഷ്യം 100 ശതമാനം കൈവരിച്ചാല്‍ മുഴുവന്‍ ശമ്പളവും അഞ്ചാം തിയതി നല്‍കും. ടാര്‍ഗറ്റിന്റെ 50 ശതമാനമാണ് കൈവരിക്കുന്നതെങ്കില്‍ പകുതി ശമ്പളമേ ലഭിക്കൂ. പ്രതിമാസ വരുമാനം 240 കോടി രൂപയാക്കുകയെന്ന ലക്ഷ്യമാണ് ഇതിലൂടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. അതേസമയം തൊഴിലാളി സംഘടനകള്‍ തീരുമാനത്തിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു.
രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സംഘടനകള്‍ വ്യക്തമാക്കി. ജീവനക്കാരുടെ ശമ്പളം ബുധനാഴ്ചയ്ക്കകം നല്‍കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തൊഴിലാളികള്‍ക്കു ശമ്പളം നല്കാന് കഴിയില്ലെങ്കില്‍ സ്ഥാപനം പൂട്ടണമെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. സ്ഥാപനം കനത്ത പ്രതിസന്ധിയിലാണെന്നും ശമ്പളം നല്കാന് ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ സഹായം ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു.