കണ്ണൂര്‍ കോടതി സമുച്ചയ നിര്‍മാണക്കരാര്‍ ഊരാളുങ്കലിന് നല്കിയ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി
കണ്ണൂര്‍ കോടതി സമുച്ചയത്തിന്റെ നിര്‍മാണച്ചുമതല ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് നല്കിയ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. നിര്‍മാണച്ചുമതല ഊരാളുങ്കലിന് നല്‍കിക്കൊണ്ട് ഹൈക്കോടതിയാണ് ഉത്തരവിട്ടത്. എന്നാല്‍ ഉയര്‍ന്ന തുക ക്വോട്ട് ചെയ്തവര്‍ക്ക് കരാര്‍ നല്‍കുന്നത് എങ്ങനെയാണെന്ന് സുപ്രീം കോടതി ചോദിച്ചു. നിര്മാണ് കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനി നല്കിയ പരാതിയിലാണ് നടപടി.
കണ്ണൂരില്‍ ഏഴു നില കോടതി കോംപ്ലക്സ് നിര്‍മിക്കാന്‍ എ എം മുഹമ്മദലി എന്നയാളുടെ നേതൃത്വത്തിലുള്ള നിര്മാണ് കണ്‍സ്ട്രക്ഷന്‍സ് ആയിരുന്നു ഏറ്റവും കുറഞ്ഞ തുക ക്വട്ടേഷന്‍ നല്‍കിയത്. എന്നാല്‍ ഇതിനേക്കാള്‍ കൂടിയ തുക ക്വോട്ട് ചെയ്ത ഊരാളുങ്കലിന് കരാര്‍ നല്‍കാനായിരുന്നു ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെയായിരുന്നു അപ്പീല്‍.
ഹര്‍ജിയില്‍ എതിര് കക്ഷികളായ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോടതി നോട്ടിസ് അയച്ചു. ജെ.കെ. മഹേശ്വരി, സഞ്ജയ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.