ബ്ലാസ്റ്റേഴ്സിനെതിരായ നടപടി; ഇപ്പോള്‍ ആരും ഒന്നും മിണ്ടുന്നില്ല, എന്താണ് സംഭവിച്ചത്?
മീശ മാധവന് എന്ന സിനിമയിലെ പിള്ളേച്ചന് നായകനായ മാധവനെ വെട്ടാന്‍ പടവലത്തോട്ടത്തിലേക്ക് പോകുന്ന ഒരു സീന്‍ ഓര്‍മയില്ലേ? ആ രംഗത്ത് കൊച്ചിന് ഹനീഫയുടെ ഒരു ഡയലോഗുണ്ട്. പിള്ളേച്ചന് മാധവനെ കൊല്ലാന്‍ പോവേണ്. കാണണേല് വാ എന്ന്. അതിനു സമാനമായിരുന്നു ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് അച്ചടക്ക സമിതി യോഗം കേരള ബ്ലാസ്റ്റേഴ്സിനെ ഇപ്പോ വിലക്കിക്കളയും കാണണേ വാ എന്ന മട്ടില്‍ മാധ്യമങ്ങള്‍ വാര്‍ത്ത ബ്രേക്ക് ചെയ്തത്. ബംഗളൂരു എഫ്സിയുടെ വിവാദ ഫ്രീ കിക്ക് ഗോളിനെതിരെയും അത് അനുവദിച്ച റഫറി ക്രിസ്റ്റല്‍ ജോണിനെതിരെയും പരാതി കൊടുത്തത് ബ്ലാസ്റ്റേഴ്സായിരുന്നു. മാര്‍ച്ച് ആറാം തിയതി രാത്രി വൈകി ചേര്‍ന്ന യോഗം ബ്ലാസ്റ്റേഴ്സിന്റെ പരാതി തള്ളി. യോഗത്തെക്കുറിച്ചുള്ള വാര്‍ത്താ ആഘോഷങ്ങളില്‍ അച്ചടക്ക കോഡിന്റെ ആര്‍ട്ടിക്കിള്‍ 58 ലംഘിച്ച ബ്ലാസ്റ്റേഴ്സിന് ചാര്‍ജ് മെമോ കൊടുത്തതായി പരാമര്‍ശമുണ്ടായിരുന്നു. പരാതിയുമായി പോയ ബ്ലാസ്റ്റേഴ്സ് ഒടുവില്‍ പണി വാങ്ങി തിരിച്ചു പോന്നുവെന്നായിരുന്നു ഹേറ്റേഴ്സിന്റെ പരിഹാസം. ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടായിരുന്നോയെന്ന ചോദ്യവുമായി ചില മുന്‍ താരങ്ങളുടെ പുച്ഛം വേറെ. യോഗം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടു. പക്ഷേ, ബ്ലാസ്റ്റേഴ്സിനെതിരെ നടപടിയുണ്ടോ എന്ന കാര്യത്തില്‍ മാത്രമ ഇതുവരെ ഒരു വിവരവുമില്ല. മാധ്യമങ്ങള്‍ക്കും ഹേറ്റേഴ്സിനു പോലും മിണ്ടാട്ടമില്ല.
ആര്‍ട്ടിക്കിള്‍ 58 ലംഘനം പരമാവധി 6 ലക്ഷം രൂപ വരെ പിഴയും തൊട്ടടുത്ത മാച്ചില്‍ നിന്ന് വിലക്കും ലഭിക്കാവുന്ന കുറ്റമാണെന്നും വിശദീകരണങ്ങള്‍ വന്നിരുന്നു. എഐഎഫ്എഫ് അച്ചടക്ക സമിതി നല്കിയ ചാര്‍ജ് മെമോയ്ക്ക് മാര്‍ച്ച് 12നകം ബ്ലാസ്റ്റേഴ്സ് മറുപടി നല്‍കണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ നടപടിയെക്കുറിച്ച് തീരുമാനമെടുക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. ഒരു മത്സരം പൂര്‍ത്തിയാക്കാതെ ഇറങ്ങിപ്പോയ ടീമിനെതിരെ നടപടിയെടുക്കാന്‍ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് അമാന്തിക്കേണ്ട കാര്യമൊന്നും ഇല്ല. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അച്ചടക്ക സമിതിയും ശക്തമാണ്. മറ്റു ചില ടീമുകള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത ചരിത്രമൊക്കെയുണ്ട്. പക്ഷേ, അവരാകട്ടെ ഈ ഗുരുതരമായ കുറ്റത്തിനെതിരെ ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. മാര്‍ച്ച് 12ന് ബ്ലാസ്റ്റേഴ്സ് മറുപടി ഫയല്‍ ചെയ്തോയെന്ന് മാധ്യമങ്ങള്‍ക്കും അറിയേണ്ട. കേരള ബ്ലാസ്റ്റേഴ്സിനെ പുകച്ചു പുറത്തു ചാടിക്കുക മാത്രമായിരുന്നോ ഇവരുടെയെല്ലാം അജണ്ടയെന്ന സംശയം സ്വാഭാവികമായും ഉയര്‍ത്താന്‍ പോന്ന സംഭവങ്ങളായിരുന്നു ഇതെല്ലാം.
മറ്റൊന്ന് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് അച്ചടക്ക സമിതി യോഗത്തിനു ശേഷം പുറത്തു വിട്ട നടപടിക്രമങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ്. ബ്ലാസ്റ്റേഴ്സിന് നല്‍കിയെന്ന് പറയപ്പെടുന്ന ചാര്‍ജ് മെമോയെക്കുറിച്ചോ, എന്തെങ്കിലും നടപടി ക്ലബ്ബിനെതിരെ ഉണ്ടാകുമെന്നോ ഒരക്ഷരം പോലും ആ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. ബ്ലാസ്റ്റേഴ്സിന്റെ പ്രൊട്ടസ്റ്റും റഫറിക്കെതിരെ നടപടി വേണമെന്ന ആവശ്യവും അച്ചടക്ക സമിതി തള്ളിയെന്നു മാത്രമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ബോയ്ക്കോട്ടിനു ശേഷമുള്ള വാര്‍ത്തകള്‍ പിന്തുടരുന്നവര് സ്വാഭാവികമായും ടീമിന് വിലക്കു വരുമോയെന്ന കാര്യത്തില്‍ ആകാംക്ഷയുള്ളവരാണ്. അവര്‍ വാര്‍ത്തകള്‍ ശ്രദ്ധിക്കും. പക്ഷേ, ബ്ലാസ്റ്റേഴ്സിനെതിരായി നടപടിയുണ്ടാകുമെന്ന സൂചന എയറിലുണ്ടെന്നതല്ലാതെ അതിനെക്കുറിച്ച് വ്യക്തതയൊന്നുമില്ലാത്ത നിലയാണ്.
ചിലപ്പോള്‍ ഐഎസ്എല്‍ അവസാന ഘട്ടത്തിലെത്തി നില്ക്കുന്ന ഘട്ടമായതിനാല്‍ ആരാധകര്‍ ഏറെയുള്ള ബ്ലാസ്റ്റേഴ്സിനെതിരെ നടപടിയൊന്നും വേണ്ടെന്ന് ഉന്നത തലത്തില്‍ തീരുമാനം ഉണ്ടായതായിരിക്കാം. കോടിക്കണക്കിനു വരുന്ന ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ഏതാനും ദിവസം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഐഎസ്എലിന് വരുത്തിയ നഷ്ടങ്ങള്‍ ചില്ലറയല്ല. ഇപ്പോള്‍ പറ്റിയ ഒരബദ്ധത്തിനു പിന്നാലെ നടപടിയെടുത്ത് ആരാധകരുടെ കോപം വിളിച്ചു വരുത്തേണ്ടെന്ന് അധികൃതര്‍ തീരുമാനിച്ചു കാണണം. എന്തായാലും എന്തെങ്കിലും നടപടിയുണ്ടായാല്‍ അത് ഫൈനലിനു ശേഷമായിരിക്കുമെന്നതും ഏതാണ്ട് തീര്‍ച്ചയായിക്കഴിഞ്ഞു.