സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ദ്ധന; ആശുപത്രികളില്‍ എത്തുന്നവര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കി
സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ദ്ധന. ഇതേത്തുടര്‍ന്ന് ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി. 172 കേസുകളാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ആകെ 1026 ആക്ടീവ് കോവിഡ് കേസുകളുണ്ട്. ആശുപത്രികളില്‍ 111 പേര് ചികിത്സയിലുണ്ട്.
അതേസമയം കോവിഡ് ക്ലസ്റ്ററുകള്‍ സംസ്ഥാനത്ത് രൂപപ്പെട്ടിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. പുതിയ വകഭേദം വന്നിട്ടുണ്ടോയെന്നറിയാന് ജിനോമിക് പരിശോധനകള്‍ വര്‍ധിപ്പിക്കും. മെഡിക്കല്‍ കോളേജുകളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിയിട്ടില്ല. ആവശ്യമായ പരിശോധന കിറ്റുകളും മരുന്നുകളും സജ്ജമാക്കാന്‍ കെഎംഎസ്സിഎല്ലിന് നിര്‍ദേശം നല്കി. ദിവസവും കോവിഡ് കേസുകള്‍ ആരോഗ്യവകുപ്പ് അവലോകനം ചെയ്യുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി ആശുപത്രികളില്‍ എത്തുന്നവര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കി. കോവിഡ് പുതിയ വകഭേദത്തിന് വ്യാപന ശേഷി കൂടുതലായതിനാല്‍ സ്വയം പ്രതിരോധമാണ് പ്രധാനം. മറ്റു രോഗങ്ങളുള്ളവരും പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. ഇവര്‍ പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.