റിപ്പോര്‍ട്ടര്‍ നല്‍കിയത് വ്യാജവാര്‍ത്ത; സോഷ്യല്‍ മീഡിയ പ്രചാരണത്തില്‍ വിശദീകരണവുമായി വി കെ സനോജ്
ഡിവൈഎഫ്ഐ അംഗത്വ ക്യാംപെയിന് സംബന്ധിച്ച് തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണത്തില്‍ വിശദീകരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. മദ്യവും ലഹരിയും ഉപയോഗിക്കുന്നവരെ ഒഴിവാക്കിക്കൊണ്ട് ഡിവൈഎഫ്ഐയില്‍ അംഗങ്ങളെ ചേര്‍ക്കാന്‍ പറ്റില്ലേ എന്ന ചോദ്യത്തിന് നല്കിയ മറുപടി വളച്ചൊടിക്കുകയായിരുന്നുവെന്ന് സനോജ് പറഞ്ഞു. മാസ് അംഗത്വ കാമ്പയിന് നടത്തുന്ന സംഘടനയ്ക്ക് ഓരോ അംഗത്തിന്റെയും ശീലങ്ങള്‍ പരിശോധിക്കാന്‍ കഴിയില്ല. അംഗങ്ങളായാല്‍ അത്തരം ശീലമുള്ളവരെ തിരുത്താന്‍ സംഘടനയ്ക്ക് സാധിക്കും എന്നാണ് മറുപടി നല്‍കിയത്.
എന്നാല്‍ മദ്യവും ലഹരിമരുന്നും ഉപയോഗിക്കുന്നവര്‍ക്ക് അംഗത്വം കൊടുക്കില്ലെന്ന നിലപാടെടുക്കാന്‍ ഡിവൈഎഫ്ഐക്ക് കഴിയില്ലെന്ന് സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ടര്‍ ചാനലിന്റെ വെബ് നല്കിയ വാര്‍ത്ത. മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ സനോജ് പറഞ്ഞത് റിപ്പോര്‍ട്ടറില്‍ വന്നപ്പോള്‍ വാര്‍ത്ത തന്നെ മാറിയിരുന്നു.
സനോജിന്റെ വാക്കുകള്‍ ഇങ്ങനെ
ചില പത്രങ്ങളെക്കുറിച്ച് കേള്‍ക്കുന്ന ഒരു തമാശയുണ്ട്. വാര്‍ത്തകള്‍ പൂര്‍ണമായും വ്യാജമായാലും ഒരു കാര്യത്തില്‍ പിശക് സംഭവിക്കില്ല, അത് തീയതിയാണ്. തീയതി നിത്യസത്യമായി നിലകൊള്ളും. (ഇന്ന് 2023 മാര്‍ച്ച് 31)
ഇപ്പോഴിത് പറയാന്‍ കാരണം റിപ്പോര്‍ട്ടറില്‍ വന്ന ഒരു വാര്‍ത്തയാണ്. ഇല്ലാത്തൊരു പ്രസ്താവന എന്റെ പേരില്‍ പടച്ചു വിട്ടത്. വേറൊരു ചാനലിന് നല്കിയ അഭിമുഖത്തില്‍ നിന്ന് ചുരണ്ടിയത്. പൂര്‍ണമായും തെറ്റാണെന്ന് മാത്രമല്ല, അതിലെ തീയതി പോലും തെറ്റി. മാനേജ്മെന്റില്‍ വന്ന മാറ്റം വിശ്വാസ്യതയിലും ഉണ്ടായിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാന്‍.
മദ്യവും ലഹരിയും ഉപയോഗിക്കുന്നവരെ ഒഴിവാക്കിക്കൊണ്ട് ഡി വൈ എഫ് ഐയില്‍ അംഗങ്ങളെ ചേര്‍ക്കാന്‍ പറ്റില്ലേ എന്നായിരുന്നു ചോദ്യം. എന്നാല്‍ മാസ് അംഗത്വ കാമ്പയിന് നടത്തുന്ന സംഘടനയ്ക്ക് ഓരോ അംഗത്തിന്റെയും ശീലങ്ങള്‍ പരിശോധിക്കാന്‍ കഴിയില്ല. അംഗങ്ങളായാല്‍ അത്തരം ശീലമുള്ളവരെ തിരുത്താന്‍ സംഘടനയ്ക്ക് സാധിക്കും എന്നാണ് മറുപടി നല്‍കിയത്.