ഇവാനു പിഴയിട്ടാല്‍ ബ്ലാസ്റ്റേഴ്സിനെ പിടിച്ചു കെട്ടാനാകുമോ? കളി ഗ്രൗണ്ടില്‍ കാണാം
കേരള ബ്ലാസ്റ്റേഴ്സിനും കോച്ച് ഇവാന് വുകോമനോവിച്ചിനും ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ശിക്ഷ പ്രഖ്യാപിച്ചതോടെ എന്തായാലും സൂപ്പര്‍ കപ്പില്‍ ടീമിനെ പിടിച്ചു കെട്ടാന്‍ സാധിച്ചുവെന്ന് പറയാം. ആശാനെതിരെ സൂപ്പര്‍ കപ്പിനു മുന്‍പ് നടപടിയുണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. ഇപ്പോള്‍ എഐഎഫ്എഫ് നടത്തുന്ന പത്തു മാച്ചുകളില്‍ സസ്പെന്‍ഷനും അഞ്ചു ലക്ഷം രൂപ രൂപ പിഴയുമാണ് ശിക്ഷയായി നല്‍കിയിരിക്കുന്നത്. എട്ടാം തിയതി റൗണ്ട് ഗ്ലാസ് പഞ്ചാബുമായുള്ള നോക്കൗട്ട് മാച്ചിലൂടെ ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ കപ്പിലെ പോരാട്ടങ്ങള്‍ക്ക് തുടക്കമിടും. പന്ത്രണ്ടാം തിയതി ക്വാളിഫയറില്‍ യോഗ്യത നേടിയെത്തുന്ന ടീമിനോടും പതിനാറാം തിയതി ബംഗളൂരു എഫ്സിയോടുമാണ് ബ്ലാസ്റ്റേഴ്സിന്റെ കളികള്‍. നോക്കൗട്ട് ഘട്ടത്തില്‍ വിജയിച്ചാല്‍ സെമിയിലെത്താം. ഫൈനലില്‍ കൂടിയെത്തിയാല്‍ അഞ്ചു മാച്ചുകള്‍ സൂപ്പര്‍ കപ്പില്‍ മാത്രമായി പൂര്‍ത്തിയാക്കാം. മൂന്നു മാച്ചുകള്‍ എങ്ങനെയായാലും സൂപ്പര്‍ കപ്പില്‍ കളിക്കാനാവും. പക്ഷേ, ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ഇതൊരു വലിയ ടാസ്കായി മാറുമോ എന്നതാണ് സംശയം. കാരണം, അഡ്രിയാന്‍ ലൂണ നിലവില്‍ ടീമിനൊപ്പമില്ല. അതിനു പിന്നാലെയാണ് ഇവാന് ആശാന് വിലക്ക് ലഭിച്ചിരിക്കുന്നത്. സസ്പെന്ഷന് നിലവില്‍ വന്നതിനാല്‍ ഗ്രൗണ്ടിലോ ഡ്രസ്സിംഗ് റൂമിലോ ഇവാന്റെ സാന്നിധ്യമുണ്ടാകില്ല. ഈ അസാന്നിധ്യങ്ങള്‍ ടീമിന്റെ പ്രകടനത്തെ ബാധിക്കുമോയെന്ന ആശങ്ക ആരാധകര്‍ക്ക് ഉണ്ടാകുക സ്വാഭാവികം മാത്രം. ബ്ലാസ്റ്റേഴ്സിനെ പിടിച്ചുകെട്ടണമെന്ന ഹേറ്റേഴ്സിന്റെ ആഗ്രഹം ഇതുവരെ സാധിച്ചിട്ടുണ്ടെങ്കിലും ഗ്രൗണ്ടില്‍ കൊമ്പന്മാര്ക്ക് സ്ഥിരത കിട്ടിക്കഴിഞ്ഞാല്‍ ശിക്ഷ കിട്ടിയതിനു കൂടി അവര്‍ പ്രതികാരം ചെയ്യും.
ബംഗളൂരു എഫ്സിയുമായി 16-ാം തിയതി നടക്കാനിരിക്കുന്ന അഭിമാനപ്പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്സ് ഫുള്‍ എനര്‍ജിയില്‍ കളിച്ചേ മതിയാകൂ. വ്യക്തിപരമായ കാരണങ്ങളാല്‍ അഡ്രിയാന്‍ ലൂണ ഉണ്ടാവില്ല. ഇവാനെ ഗ്രൗണ്ടില്‍ നിന്നും തന്റെ ശിഷ്യന്മാരുടെ സമീപത്തു നിന്നും മാറ്റി നിര്‍ത്താന്‍ എഐഎഫ്എഫ് അച്ചടക്ക സമിതിയുടെ നീക്കത്തിലൂടെ സാധിച്ചു. ആ കുറവ് പരിഹരിക്കാന്‍ ബ്ലാസ്റ്റേഴ്സ് കഠിനമായി പരിശ്രമിച്ചേ പറ്റൂ. ഇവാനെയും ടീമിനെയും ശിക്ഷിച്ചതുകൊണ്ട് സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ ബഹിഷ്കരിക്കണമെന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നത്. പക്ഷേ, അനീതിക്കെതിരെ പ്രതികരിച്ച ആശാനെ വിലക്കിയതിന് ഗ്രൗണ്ടിലാണ് മറുപടി കൊടുക്കേണ്ടത്. അതിന് ആരാധകരും ഒപ്പമുണ്ടാകണം. ഇവാന് വിലക്കു കിട്ടിയിട്ടുള്ള പത്തു മത്സരങ്ങളില്‍ മൂന്നെണ്ണം സൂപ്പര്‍ കപ്പില്‍ ഉറപ്പായും കഴിയും. ഇതിനു പിന്നാലെ വരുന്നത് ഡ്യൂറന്റ് കപ്പാണ്. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായിരിക്കും ഡ്യൂറന്റ് കപ്പ് നടക്കുക. 2022ല്‍ ഇക്കാലയളവിലായിരുന്ന് ടൂര്‍ണമെന്റ്. ഈ വര്‍ഷത്തെ ഫിക്സ്ചര്‍ ഇതുവരെ തയ്യാറായിട്ടില്ലെങ്കിലും ഗ്രൂപ്പ് ഘട്ടത്തില്‍ നാലു മത്സരങ്ങള്‍ കളിക്കേണ്ടി വരുമെന്നത് ഉറപ്പാണ്. അതോടെ ഏഴു മത്സരങ്ങള്‍ പൂര്‍ത്തിയാകും. ഇതിനു പിന്നാലെ ഐഎസ്എല്‍ സീസണ് ആരംഭിക്കും. സൂപ്പര്‍ കപ്പിലും ഡ്യൂറന്റ് കപ്പിലും ലീഗ് ഘട്ടത്തില്‍ നിന്ന് മുന്നോട്ടു പോകാന്‍ ടീമിന് കഴിഞ്ഞില്ലെങ്കില്‍ ഐഎസ്എലിലെ മൂന്നു മാച്ചുകള്‍ കൂടി ഇവാന് മാറി നില്‍ക്കേണ്ടി വരും. ലീഗ് ഘട്ടത്തിലെ മൂന്നു മാച്ചുകള്‍ മാത്രം മാറി നിന്നാല്‍ മതിയെന്നതുകൊണ്ട് ടീമിനെ അത് കാര്യമായി ബാധിച്ചേക്കില്ല.
ശിക്ഷയില്‍ ഇനി ബാക്കിയുള്ളത് പരസ്യമായി മാപ്പു പറയണമെന്ന ആവശ്യമാണ്. ഇവാന് മാപ്പു പറഞ്ഞില്ലെങ്കില്‍ പിഴ അഞ്ചു ലക്ഷത്തില്‍ നിന്ന് പത്തുലക്ഷമായി ഉയരും. ബ്ലാസ്റ്റേഴ്സ് മാപ്പു പറഞ്ഞില്ലെങ്കില്‍ ആറു കോടി രൂപയുടെ പിഴ പത്തു കോടിയായി മാറും. മാപ്പു പറയാന്‍ ടീമോ കോച്ചോ തയ്യാറാകില്ലെന്നാണ് സൂചന. ആരാധകരും അതിനു സമ്മതിക്കില്ല. പിന്നെ സോഷ്യല്‍ മീഡിയയില്‍ ചില ഹേറ്റേഴ്സിന് ഇവാനെ സ്ഥിരമായി വിലക്കാത്തതിന്റെ ദണ്ഡം സഹിക്കുന്നില്ല. അച്ചടക്ക സമിതി നല്കിയ പിഴ ശിക്ഷ പക്ഷപാതപരമായിപ്പോയെന്നാണ് ചിലര്‍ ട്വിറ്ററില്‍ പറയുന്നത്. എഫ്എസ്ഡിഎല്‍ കടുത്ത ശിക്ഷ നല്‍കുമെന്ന പ്രതീക്ഷയിലാണ് അവരുള്ളത്. ഗ്യാലറികളില്‍ മഞ്ഞനിറം ചാലിക്കുന്ന മഞ്ഞപ്പടയെന്ന ആരാധക സംഘത്തില്‍ മാത്രമാണ് നിലവില്‍ എഫ്എസ്ഡിഎലിന് പ്രതീക്ഷയുള്ളത്. അവരെ പിണക്കാന്‍ എഫ്എസ്ഡിഎല്‍ തയ്യാറാകുമെന്നു തോന്നുന്നില്ല. അതേ നിലപാടു തന്നെയായിരുന്നു എഐഎഫ്എഫിനും ശിക്ഷ നല്‍കിയതില്‍ എന്നു കരുതാം. കാരണം സ്ഥിരം വിലക്കു പോലെയുള്ള നീക്കമൊന്നും ഫുട്ബോള്‍ അസോസിയേഷന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. വിലക്ക് പുല്ലു പോലെ തരണം ചെയ്ത് ആശാന് തിരിച്ചു വരും. അതുവരെ ഹേറ്റേഴ്സ് ഇന്ന് ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ലഭിച്ച ആ സമ്മാനത്തില്‍ ആറാടട്ടെ