ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് വിട്ടു; പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപനം, എന്‍ഡിഎയില്‍ ചേര്‍ന്നേക്കും
കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവും ജേക്കബ് വിഭാഗം മുന്‍ ചെയര്‍മാനുമായിരുന്ന ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് വിട്ടു. എറണാകുളത്ത് വാര്‍ത്താസമ്മേളനത്തിലാണ് ജോണി നെല്ലൂര്‍ ഇക്കാര്യം അറിയിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി. യുഡിഎഫ് സെക്രട്ടറി സ്ഥാനവും ഒഴിഞ്ഞതായി അദ്ദേഹം അറിയിച്ചു. ദേശീയതലത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യാനികളുടെ പാര്‍ട്ടിയായിരിക്കില്ല, മതേതര പാര്‍ട്ടിയായിരിക്കും രൂപീകരിക്കുകയെന്നാണ് ജോണി നെല്ലൂര്‍ അവകാശപ്പെട്ടത്. പാര്‍ട്ടി എന്‍ഡിഎയ്ക്കൊപ്പം ചേരുമെന്നാണ് സൂചനകള്‍. പ്രധാനമന്ത്രി എത്തുന്നതിനു മുന്‍പ് പ്രഖ്യാപനം ഉണ്ടായേക്കും.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്ന ഒരു ദേശീയ പാര്‍ട്ടിയാണ് ലക്ഷ്യമെന്നും കര്‍ഷകര്‍ക്കു വേണ്ടി ശബ്ദിക്കുന്ന ദേശീയ കാഴ്ചപ്പാടുള്ള പാര്‍ട്ടി ആവശ്യമാണെന്ന ചിന്തയാണ് പുതിയ പാര്‍ട്ടി എന്ന ആശയത്തിലേക്ക് പ്രേരിപ്പിച്ചതെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. എന്നും കര്‍ഷകര്‍ക്കൊപ്പമാണ്. റബറിന്റെ വില 300 രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്നാണ് ഞാന്‍ അടക്കമുള്ളവരുടെ ആവശ്യം. റബറിനെ ഇന്നും കാര്‍ഷിക ഉല്പന്നമായി പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിലെ കാര്‍ഷിക മേഖല തകര്‍ന്നടിഞ്ഞുവെന്നും നെല്ലൂര്‍ കൂട്ടിച്ചേര്‍ത്തു.
ആദ്യം ക്രൈസ്തവരുമായി യോഗം ചേര്‍ന്നു. പിന്നീട് രാഷ്ട്രീയ പാര്‍ട്ടിയായി രൂപീകരിക്കണമെന്ന് തീരുമാനിച്ചപ്പോള്‍ ക്രൈസ്തവര്‍ക്കു പുറമേ മറ്റു സംഘടനകളിലെ ആളുകളുമായി ചേര്‍ന്ന് ഒരു ദേശീയ പാര്‍ട്ടി രൂപീകിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എല്ലാ സമുദായത്തില്‍പ്പെട്ട ആളുകളുമായി മതേതര പാര്‍ട്ടി രൂപീകരിക്കും. സിപിഐ, സിപിഎം, മുസ്ലിം ലീഗ്, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍നിന്നുള്ള അംഗങ്ങളും പുതിയ പാര്‍ട്ടിയുടെ ഭാഗമാകുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
നാഷനല്‍ പ്രോഗ്രസീവ് പാര്‍ട്ടി (എന്‍പിപി) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേരെന്നാണ് വിവരം. ബിജെപി പിന്തുണയോടെ ജോണി നെല്ലൂര്‍ പുതിയ ക്രൈസ്തവ പാര്‍ട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രഖ്യാപനം. മുന്‍ എംഎല്‍എമാരായ മാത്യു സ്റ്റീഫന്‍, ജോര്‍ജ് ജെ മാത്യു, കാസ ജനറല്‍ സെക്രട്ടറി ജോയി ഏബ്രഹാം തുടങ്ങിയവര്‍ പാര്‍ട്ടിയുടെ ചുമതലയിലുണ്ടാകും.