ഇനി ചൈന രണ്ടാം സ്ഥാനത്ത്; ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയെന്ന് യുഎന്‍
ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറിയെന്ന് ഐക്യരാഷ്ട്ര സഭ. യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ ഇന്ന് പുറത്തുവിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. കണക്കുകള്‍ അനുസരിച്ച് ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയും ചൈനയുടെ ജനസംഖ്യ 142.57 കോടിയുമാണ്. അതേസമയം ഇന്ത്യയുടെ അവസാന ജനസംഖ്യാ കണക്കെടുപ്പ് നടന്നത് 2011ലായിരുന്നു. 2021ല്‍ നടക്കേണ്ട സെന്‍സസ് കോവിഡ് മൂലം അനിശ്ചിതമായി നീളുകയാണ്.
1950ലാണ് ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. അതിനു ശേഷം ഇതാദ്യമായാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളുടെ യുഎന്‍ പട്ടികയില്‍ ഒന്നാമതെത്തുന്നത്. യുഎന്‍ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യയുടെ 25 ശതമാനം 0-14 വയസ്സിനിടയിലുള്ളവരാണ്. 18 ശതമാനം പേര് 10 മുതല്‍ 19 വയസ്സുവരെയുള്ളവര്‍. 26 ശതമാനം പേര് 10 മുതല്‍ 24 വയസ്സ് വരെയുള്ളവര്‍. 68 ശതമാനം പേര് 15 നും 64 നും ഇടയില്‍ പ്രായമുള്ളവര്‍. 7 ശതമാനം പേര് 65 വയസ്സിന് മുകളിലുള്ളവരാണ്.
കേരളത്തിലും പഞ്ചാബിലും പ്രായമായവരാണ് ഏറ്റവും കൂടുതല്‍. യുവാക്കള്‍ ഏറെയുള്ളത് ഉത്തര്‍ പ്രദേശിലും ബിഹാറിലുമാണ്. ജനസംഖ്യാ വളര്‍ച്ച ഇന്ത്യയിലും ചൈനയിലും മന്ദഗതിയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആറ് പതിറ്റാണ്ടിനിടെ ആദ്യമായി കഴിഞ്ഞ വര്‍ഷം ചൈനയുടെ ജനസംഖ്യ ഇടിഞ്ഞിരുന്നു. ഇന്ത്യയിലെ വാര്‍ഷിക ജനസംഖ്യാ വളര്‍ച്ച 2011 മുതല്‍ ശരാശരി 1.2 ശതമാനമാണെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍.