പതിമൂന്നുകാരനെ പീഡിപ്പിച്ച കേസ്; ചാനല്‍ ചര്‍ച്ചാ വിദഗ്ദ്ധനായിരുന്ന ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് ഏഴു വര്‍ഷം കഠിന തടവ്
കൗണ്‍സലിംഗിനെത്തിയ പതിമൂന്നുകാരനെ പീഡിപ്പിച്ച കേസില്‍ ചാനല്‍ ചര്‍ച്ചാ വിദഗ്ദ്ധനായ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് ഏഴു വര്‍ഷം കഠിന തടവ്. ഡോ. കെ ഗിരീഷിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി ശിക്ഷിച്ചത്. ഒന്നര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ നാലു വര്‍ഷം കൂടി തടവ് അനുഭവിക്കണം. പിഴത്തുക ഇരയ്ക്ക് കൈമാറാനും കോടതി നിര്‍ദേശിച്ചു. നാല് വകുപ്പുകളിലായി ലഭിച്ച 26 വര്‍ഷം തടവ് ശിക്ഷയുണ്ടെങ്കിലും ഒരുമിച്ച് ഏഴ് വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതി മാനസിക വൈകല്യമുള്ള കുട്ടിയെ പീഡിപ്പിച്ചു, ഒന്നിലേറെ തവണ പീഡിപ്പിച്ചു, പോക്സോ കുറ്റം ആവര്‍ത്തിച്ചു എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇയാളെ പോക്സോ കേസില്‍ ഇതേ കോടതി ഒരുവര്‍ഷം മുമ്പ് ആറുവര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ കഴിയുമ്പോഴാണ് രണ്ടാമത്തെ കേസില്‍ ശിക്ഷ വിധിച്ചത്.
ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന പ്രതി മണക്കാട് കുര്യാത്തിയില്‍ തന്റെ വീടിനോട് ചേര്‍ന്ന് നടത്തുന്ന സ്വകാര്യ ക്ലിനിക്കില്‍ വെച്ച് കുട്ടിയെ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന് കേസ്. 2015 ഡിസംബര്‍ ആറ് മുതല്‍ 2017 ഫെബ്രുവരി 21 വരെയുള്ള കാലയളവില്‍ കൗണ്‍സിലിംഗിനായി എത്തിയപ്പോഴാണ് പീഡിപ്പിച്ചത്. പീഡനത്തെ തുടര്‍ന്ന് കുട്ടിയുടെ മനോനില കൂടുതല്‍ ഗുരുതരമായി.
പീഡന വിവരം പുറത്തു പറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തി. മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യം കാണിച്ചായിരുന്നു പീഡനം. കുട്ടിയുടെ രോഗം കുറയാത്തതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ച് കേസ് ഹിസ്റ്ററിയെടുത്തപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്.