പരാതി നല്കുന്ന ജീവനക്കാര്‍ക്ക് അച്ചടക്കത്തോടെ ജോലി ചെയ്യാനും ബാധ്യതയുണ്ട്; കെഎസ്ആര്‍ടിസി ജീവനക്കാരോട് മനുഷ്യാവകാശ കമ്മീഷന്
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പരാതി നല്‍കുന്നതിനൊപ്പം അച്ചടക്കത്തോടെ ജോലി ചെയ്യാനും ബാധ്യതയുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്. ജീവനക്കാര്‍ അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കുന്നതുകൊണ്ട് വരുമാനത്തില്‍ കുറവുണ്ടാകുന്നുണ്ടെന്ന് കെഎസ്ആര്‍ടിസി എംഡി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കമ്മീഷന് ഈ ഉത്തരവിട്ടിരിക്കുന്നത്.
ജീവനക്കാര്‍ക്ക് ശമ്പളക്കുടിശിക നല്കാനുണ്ടെങ്കില് അത് അടിയന്തരമായി നല്കാന് കെഎസ്ആര്‍ടിസി എംഡി നടപടി സ്വീകരിക്കണമെന്ന് കമ്മീഷന് അംഗം വി കെ ബീനാകുമാരി നിര്‍ദേശിച്ചു. 2018 സെപ്റ്റംബറിലെ ചില ദിവസങ്ങളില്‍ ശമ്പളം ലഭിച്ചിട്ടില്ലെന്നാരോപിച്ച് കെ.എസ്.ആര്.ടി.സി. തൃശൂര്‍ ഡിപ്പോയിലെ ആറ് ഡ്രൈവര്‍മാര്‍ സമര്‍പ്പിച്ച പരാതിയിലായിരുന്നു ഈ ഉത്തരവ്.
ഇക്കാര്യത്തില്‍ കെഎസ്ആര്‍ടിസി എംഡി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന് ആവശ്യപ്പെട്ടിരുന്നു. പരാതിക്കാര്‍ മുന്‍കൂര്‍ അനുമതിയില്ലാതെ അനധികൃതമായി ജോലിക്ക് ഹാജരാകാത്തതു കാരണമാണ് ശമ്പളം നല്കാന് കഴിയാതിരുന്നതെന്ന് എം.ഡി നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാര്‍ക്ക് നിയമാനുസൃതം ലഭ്യമാകേണ്ട തുക നല്കുന്നതില് കാലതാമസം ഉണ്ടാകുന്നതിന് കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.