ആദ്യ ദിവസം കബളിപ്പിച്ച അരിക്കൊമ്പനെ ശങ്കരപാണ്ഡ്യമേട്ടില്‍ കണ്ടെത്തി; ദൗത്യം നാളെ തുടരും
പതിമൂന്നു മണിക്കൂര്‍ കാട് അരിച്ചു പെറുക്കിയ വനംവകുപ്പ് ദൗത്യസംഘത്തെ കബളിപ്പിച്ച അരിക്കൊമ്പനെ കണ്ടെത്തി. ഇന്നത്തെ ദൗത്യം അവസാനിപ്പിച്ച ശേഷമാണ് ശങ്കരപാണ്ഡ്യമേട്ടില്‍ നിന്ന് ആനയെ കണ്ടെത്തിയത്. ഇവിടെ നിന്ന് കൊമ്പനെ ആനയിറങ്കല്‍ ഡാം കടത്തി 301 കോളനിയിലെ ദൗത്യമേഖലയില്‍ എത്തിക്കാനാണ് ഇനിയുള്ള ശ്രമം. വെള്ളിയാഴ്ച പുലര്‍ച്ചെ 4.30- ഓടെ അരിക്കൊമ്പനെ പൂട്ടാനായി മിഷന് ആരംഭിച്ചെങ്കിലും കൊമ്പനെ കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ വൈകുന്നേരത്തോടെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.
രാവിലെ ആനക്കൂട്ടത്തെ കണ്ടെത്തിയെങ്കിലും കൂട്ടത്തിലുണ്ടായിരുന്ന കൊമ്പന് ചക്കക്കൊമ്പനായിരുന്നു. വീണ്ടും തെരഞ്ഞെങ്കിലും 13 മണിക്കൂറിനു ശേഷം ദൗത്യം അവസാനിപ്പിച്ചു. ആദ്യം ദൗത്യം പ്രഖ്യാപിച്ചപ്പോഴും അരിക്കൊമ്പന് ശങ്കരപാണ്ഡ്യമേടിലേക്ക് പോയിരുന്നു. ആര്‍ആര്‍ടി സംഘം ഇപ്പോള്‍ ശങ്കരപാണ്ഡ്യമേട്ടില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ഇവിടെ വെച്ച് മയക്കുവെടി വെക്കുക സാധ്യമല്ലാത്തതിനാല്‍ ആനയെ 301 കോളനിയിലേക്ക് കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.
ശങ്കരപാണ്ഡ്യമേട്ടിലേക്കു കയറിയാല്‍ രണ്ടാഴ്ചയോളം അവിടെ ചെലവഴിക്കുകയാണ് അരിക്കൊമ്പന്റെ ശീലമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.