ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീം കോടതി ജൂലൈയിലേക്ക് മാറ്റി
ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതി ജൂലൈയിലേക്ക് മാറ്റി. ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. ഹര്‍ജി ജൂലൈ മൂന്നാം വാരം പരിഗണിക്കും. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്കിയ പി.എല്‍. ജേക്കബിന് വേണ്ടി അഭിഭാഷകന് പ്രശാന്ത് ഭൂഷണ് ആണ് കോടതിയില്‍ ഹാജരായത്.
കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടില്ലെന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു. അതേ സമയം ഹര്‍ജിയുമായി ബന്ധപ്പെട്ട് താന്‍ നിലപാടുകളൊന്നും പറയുന്നില്ലെന്നും അഭിഭാഷകരും ഇന്ന് വാദിക്കേണ്ടതില്ലെന്നും ജസ്റ്റിസ് കെ എം ജോസഫ് വ്യക്തമാക്കി. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിക്രംജിത്ത് ബാനര്‍ജി സിബിഐക്കു വേണ്ടി ഹാജരായി.
കോടതി ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണം ഏറ്റെടുക്കാമെന്ന് നിലപാട് അറിയിക്കാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തിന് നല്കിയ നിര്‍ദേശം. എന്നാല്‍ കോടതിയില്‍ വാദം നടക്കാത്തതിനാല്‍ അഭിഭാഷകന് നിലപാട് അറിയിക്കാന്‍ സാധിച്ചില്ല.