എം എ യൂസഫലിക്കെതിരെ വ്യാജവാര്‍ത്ത; ഷാജന് സ്കറിയക്ക് സമന്‍സ് അയച്ച് ലക്നൗ കോടതി
ലുലു ഗ്രൂപ്പ് ഉടമ യൂസഫ് അലിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച് വാര്‍ത്ത നല്‍കിയെന്ന കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന് സ്കറിയക്ക് ലക്നൗ കോടതിയുടെ സമന്‍സ്. ലക്നൗ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആണ് സമന്‍സ് അയച്ചത്. യൂസഫ് അലി, വിവേക് ഡോവല്‍ എന്നിവര്‍ക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചുവെന്നാണ് കേസ്. മറുനാടന്‍ മലയാളിയുടെ സിഇഓ ആന്‍ മേരി ജോര്‍ജ്, ഗ്രൂപ്പ് എഡിറ്റര്‍ റിജു എന്നിവരുടെ പേരിലും കോടതി സമന്‍സ് അയച്ചു. ജൂണ്‍ ഒന്നിന് കോടതിയില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം.
ലക്നൗവിലെ ലുലു മാള്‍ ഡയറക്ടര്‍ രജിത് രാധാകൃഷ്ണന് നല്കിയ അപകീര്‍ത്തിക്കേസിലാണ് സമന്‍സ്. യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട രണ്ടു വീഡിയോകളില്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നുമാണ് കേസ്. വീഡിയോയിലെ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ അപകീര്‍ത്തികരവും സത്യവുമായി ബന്ധമില്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമന്‍സ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ മുഖേന ഷാജന് സ്കറിയ സമന്‍സ് കൈപ്പറ്റണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന് വിവേക് ഡോവലിന്റെ GNY Asia Hedge എന്ന കമ്പനിയുടെ അക്കൗണ്ടിലേക്ക് നോട്ട് നിരോധനത്തിനു ശേഷം കള്ളപ്പണ ഇടപാടുകളിലൂടെ 8300 കോടി രൂപ എത്തിയെന്നായിരുന്നു വീഡിയോയിലൂടെ ഷാജന് സ്കറിയ ആരോപിച്ചത്. യൂസഫ് അലിയും ആയി അടുപ്പമുള്ള ലുലു ഗ്രൂപ്പിന്റെ ഇന്റര്‍നാഷണല്‍ ഡയറ്കടര്‍ ആയ മുഹമ്മദ് അല്‍ത്താഫിന് ഈ ഇടപാടും ആയി ബന്ധം ഉണ്ടെന്ന ആരോപണവുമ ഷാജന് ഉന്നയിച്ചിരുന്നു. അതേസമയം ആരോപണം വ്യാജമാണെന്നും വീഡിയോ ലുലു ഗ്രൂപ്പിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നും അപകീര്‍ത്തിക്കേസില്‍ പറയുന്നു.