അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഗുജറാത്ത് ഹൈക്കോടതി
രാഹുല്‍ ഗാന്ധിയെ രണ്ടു വര്‍ഷം തടവിന് വിധിച്ച അപകീര്‍ത്തിക്കേസിലെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈക്കോടതി നിരസിച്ചു. രാഹുല്‍ ഗാന്ധി നല്കിയ ഹര്‍ജി അവധിക്ക് ശേഷം വിധി പറയുന്നതിനായി മാറ്റി. അടിയന്തര സ്റ്റേ നല്കാന് കോടതി വിസമ്മതിച്ചതോടെ രാഹുലിന്റെ അയോഗ്യത തുടരും.
കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും അസല്‍ കൈമാറാന്‍ വിചാരണക്കോടതിയോട് ജസ്റ്റിസ് ഹേമന്ത് പ്രച്ചക്ക് നിര്‍ദേശിച്ചു. രാഹുല്‍ ഗാന്ധിയുടെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സീനിയര്‍ അഭിഭാഷകന് അഭിഷേക് മനു സിങ്വി ഹൈക്കോടതിയോട് ആവശ്യപ്പെട്ടെങ്കിലും അത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. നാലാം തീയതി താന്‍ വിദേശ യാത്രയ്ക്ക് പോകുകയാണെന്നും അതിനാല്‍ അവധിക്ക് ശേഷം വിധി പ്രസ്താവിക്കാമെന്നും ജഡ്ജി പറഞ്ഞു.
കര്‍ണാടകയിലെ കോലാറില്‍ 2019ല്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ നടത്തിയ പ്രസംഗത്തില്‍ നടത്തിയ പരാമര്‍ശമാണ് രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തിക്കേസിന് കാരണമായത്. മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് നല്കിയ കേസില്‍ രാഹുല്‍ കുറ്റക്കാരനാണെന്ന് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധിക്കുകയായിരുന്നു. രണ്ടു വര്‍ഷത്തെ തടവും പിഴയുമാണ് ശിക്ഷ. ഇതേടെയാണ് രാഹുലിന് ലോക്സഭാ സെക്രട്ടറിയേറ്റ് അയോഗ്യത പ്രഖ്യാപിച്ചത്.