ഗൂഗിള്‍ ക്രോം ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള ബ്രൗസര്‍; സഫാരിക്ക് രണ്ടാം സ്ഥാനം
ലോകത്ത് ജനപ്രീതിയേറിയ ബ്രൗസര്‍ എന്ന നേട്ടം ഗൂഗിള്‍ ക്രോമിന്. ഡസ്ക്ടോപ്പ് ഉപഭോക്താക്കളില്‍ 66.13 ശതമാനം പേരും ക്രോം ആണ് ഉപയോഗിക്കുന്നത്. സ്റ്റാറ്റ് കൗണ്ടര്‍ എന്ന അനലിറ്റിക്സ് സര്‍വീസാണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്. ആപ്പിള്‍ കമ്പനിയുടെ സഫാരിയാണ് രണ്ടാം സ്ഥാനത്ത്. 11.87 ശതമാനം പേര് സഫാരി ഉപയോഗിക്കുന്നു.
മൈക്രോസോഫ്റ്റിന്റെ എഡ്ജിനാണ് മൂന്നാം സ്ഥാനം. 11 ശതമാനം പേര് എഡ്ജ് ഉപയോഗിക്കുമ്പോള്‍ നാലാം സ്ഥാനത്ത് 11 ശതമാനം ഉപയോക്താക്കളുമായി ഫയര്‍ഫോക്സ് എത്തി. ഓപ്പറയ്ക്കാണ് അഞ്ചാം സ്ഥാനം. 3.09 ശതമാനം പേര് ഓപ്പറ ഉപയോഗിക്കുന്നു. മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്സ്പ്ലോററിനും വളരെ കുറച്ചാണെങ്കിലും ആരാധകരുണ്ട്. 0.55 ശതമാനം പേര് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ഉപയോഗിക്കുന്നുണ്ട്.
ഇന്ത്യയില്‍ ഗൂഗിള്‍ ക്രോമിനാണ് ഒന്നാം സ്ഥാനമെങ്കിലും രണ്ടാം സ്ഥാനത്ത് മോസില്ല ഫയര്ഫോക്സാണുള്ളത്. സഫാരി അഞ്ചാം സ്ഥാനത്താണ്. വെറും 1.01 ശതമാനം പേര് മാത്രമാണ് ഉപയോഗിക്കുന്നത്. മൂന്നാം സ്ഥാനത്ത് എഡ്ജും നാലാം സ്ഥാനത്ത് ഓപ്പറയുമാണുള്ളത്.