കിരീടധാരണ ചടങ്ങുകള്‍ പൂര്‍ത്തിയായി; ചാള്‍സ് മൂന്നാമന് ഇനി ബ്രിട്ടന്റെ രാജാവ്
ചരിത്രപരമായ ആചാരങ്ങള്‍ക്കൊടുവില്‍ ചാള്‍സ് മൂന്നാമന് ബ്രിട്ടന്റെ രാജാവായി അധികാരത്തിലേറി. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന് വെല്‍ബിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. കാമില പാര്‍ക്കറിന്റെ സ്ഥാനാരോഹണവും ഇതിനൊപ്പം നടക്കും. എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബ്രിട്ടനില്‍ കിരീടധാരണ ചടങ്ങുകള്‍ നടക്കുന്നത്. ചടങ്ങില്‍ വില്യം രാജകുമാരന് കുടുംബത്തിനൊപ്പം പങ്കെടുത്തു. ഹാരി എത്തിയെങ്കിലും മേഗന് ഒപ്പമുണ്ടായിരുന്നില്ല.
ചടങ്ങുകള്‍ അവസാനിച്ചതോടെ ബക്കിങ്ങാം കൊട്ടാരത്തിലേക്കുള്ള രാജാവിന്റെയും രാജ്ഞിയുടെയും മടക്ക ഘോഷയാത്ര ഉടന്‍ ആരംഭിക്കും. 1937ലാണ് ഇതിനു മുന്‍പ് ഒരു രാജാവിന്റെ കിരീടധാരണം നടന്നത്. 1953ല്‍ എലിസബത്ത് രാജ്ഞി അധികാരത്തിലേറി. എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ് മൂത്തമകനായ ചാള്‍സ് മൂന്നാമന് രാജാവാകുന്നത്.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള 400 അതിഥികളാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, ഭാര്യ സുദേഷ് ധന്‍കര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.