ഡോ വന്ദനയ്ക്ക് എക്സ്പീരിയന്സുണ്ടായിരുന്നില്ല; ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പരാമര്‍ശത്തില്‍ വിവാദം
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കെത്തിച്ച പ്രതി കുത്തിക്കൊന്ന ഡോക്ടറെക്കുറിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നടത്തിയ പരാമര്‍ശം വിവാദത്തില്‍. കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനയ് എക്സ്പിരീയന്സ്ഡ് ആയിരുന്നില്ലെന്ന പരാമര്‍ശമാണ് വിവാദത്തിലായത്. ആക്രമണം ഉണ്ടായപ്പോള്‍ കുട്ടി ഭയന്നിട്ടുണ്ടാകുമെന്നാണ് ഡോക്ടര്‍ അറിയിച്ചതെന്നും മന്ത്രി പറഞ്ഞു.
പോലീസ് കൊണ്ടുവന്ന ഒരു പ്രതി കൂടിയാണ്. ആരോഗ്യപ്രവര്‍ത്തകരും സി.എം.ഒ. അടക്കം സ്ഥലത്തുണ്ടായിരുന്നു. കുട്ടി ഹൗസ് സര്ജന് ആണ്. അത്ര എക്സ്പീരിയന്‍സ്ഡ് അല്ല. അതുകൊണ്ട് ഇങ്ങനെ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ കുട്ടി ഭയന്നിട്ടുണ്ട്. അതുകൊണ്ടാണ് പെട്ടെന്ന് ഓടി രക്ഷപ്പെടാന്‍ ഡോക്ടര്‍ക്ക് കഴിയാതെ പോയതെന്നും മന്ത്രി പറഞ്ഞു.
എംബിബിഎസും ഹൗസ് സര്‍ജന്‍സിയും കഴിഞ്ഞു വരുന്നവര്‍ എന്താ കരാട്ടേ പഠിക്കണമെന്നാണോ ആരോഗ്യമന്ത്രി പറയുന്നതെന്നായിരുന്നു ഈ സംഭവത്തില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന് പ്രതികരിച്ചത്. ലഹരിക്കടിമയായ ഒരാള്‍ ആക്രമിച്ചാല്‍ എങ്ങനെ തടയുമെന്ന് ഗണേഷ് കുമാര്‍ ചോദിച്ചു. പ്രതി ഡോക്ടറെ കീഴ്പ്പെടുത്തിയതിന് ശേഷം പുറത്തുകയറിയിരുന്ന് നിരവധി തവണ കുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.