വേനലവധിക്കാലത്ത് ക്ലാസുകള്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും അവധിക്കാല ക്ലാസുകള്‍ നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്ക് അടക്കമായിരുന്നു നിരോധനം ഏര്‍പ്പെടുത്തിയത്. അവധിക്കാല ക്ലാസുകളുമായി മുന്നോട്ടു പോകാമെന്ന് കോടതി പറഞ്ഞു. ചൂടിനെ പ്രതിരോധിക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന നിര്‍ദേശവും കോടതി നല്കി.
പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് കഴിഞ്ഞ ദിവസം സര്‍ക്കുലറിലൂടെ അവധിക്കാല ക്ലാസുകള്‍ വിലക്കിയത്. ഇതു സംബന്ധിച്ച് 2017ല്‍ നിലവില്‍ വന്ന സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും വിദ്യാഭ്യാസ ഓഫീസര്‍മാര്‍ അക്കാര്യം ഉറപ്പു വരുത്തണമെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. ദശീയ ബാലാവകാശ കമ്മിഷന്റെ കൂടി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു 2017ല്‍ അവധിക്കാല ക്ലാസുകള്‍ നിരോധിച്ചത്.
വേനല്‍ ചൂട് കടുക്കുന്ന ഏപ്രില്‍, മേയ് മാസങ്ങളില്‍ ക്ലാസുകള്‍ വയ്ക്കുന്നതു കുട്ടികളെ ബുദ്ധിമുട്ടിലാക്കുമെന്നും സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു ലംഘിച്ച് ഇപ്പോഴും ഒട്ടേറെ സ്കൂളുകളില്‍ അവധിക്കാല ക്ലാസുകള്‍ സംഘടിപ്പിക്കുന്നതായി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണു പഴയ ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയത്.