മണിപ്പൂർ സംഘർഷം : 20 വിദ്യാർത്ഥികളെക്കൂടി നോർക്ക റൂട്ട്സ് നാട്ടിലെത്തിച്ചു
മണിപ്പൂരിലെ സംഘർഷ സാഹചര്യത്തിൽ 20 മലയാളി വിദ്യാർത്ഥികളെക്കൂടി നോർക്ക റൂട്ട്സിന്റെ ഇടപെടലിൽ നാട്ടിലെത്തിച്ചു. ഇംഫാലിൽ നിന്നും ചെന്നൈ വിമാനത്താവളത്തിലെത്തിയ ഇവരെ നോർക്ക എൻ.ആർ.കെ ഡവലപ്മെന്റ് ഓഫീസർ അനു .പി . ചാക്കോയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് 13 പേരെ വാനിലും 5 പേരെ കാറിലും നാട്ടിലെത്തിച്ചു. രണ്ടു പേർ സ്വന്തം ചെലവിൽ ചെന്നൈയിൽ നിന്നും വിമാനമാർഗ്ഗവും നാട്ടിലേയ്ക്ക് മടങ്ങി. ഇംഫാലിൽ നിന്നുളള വിമാനയാത്രാചെലവുൾപ്പെടെ നോർക്ക റൂട്ട്സ് വഹിച്ചു.
ഇംഫാലിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, നാഷണൽ സ്പോഴ്സ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാർത്ഥികലാണ് തിരിച്ചെത്തിയവർ. ഇന്ന് രാത്രിയോടെ 8 വിദ്യാർത്ഥികൾ കൂടി ഇംഫാലിൽ നിന്നും ബംഗലൂരുവിലെത്തും. ബംഗലൂരുവിലെ നോർക്ക അധികൃതരുടെ നേതൃത്വത്തിൽ ഇവരെ നാട്ടിലേയ്ക്ക് യാത്രയയക്കും.
ഇതോടെ നോർക്ക റൂട്ട്സ് വഴി ഇതുവരെ 47 പേർ മണിപ്പൂരിൽ നിന്നും നാട്ടിൽ സുരക്ഷിതരായി തിരിച്ചെത്തി. നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം ഹെഡ്ഡോഫീസിനു പുറമേ ഡൽഹി, ബംഗളൂരു, ചെന്നൈ എൻ.ആർ.കെ ഡവലപ്മെന്റ് ഓഫീസുകളെയും മണിപ്പൂരിൽ നിന്നുളള രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുണ്ട്.
മണിപ്പൂരിലെ മലയാളികളുടെ വിവരങ്ങൾ നോർക്ക റൂട്ട്സ് ഗ്ലോബൽ കോൺടാക്ട് സെന്ററിൽ അറിയിക്കാവുന്നതാണ്. ഇന്ത്യയില്‍ നിന്നും 18004253939, വിദേശത്തുനിന്നും +91-8802012345 (മിസ്സ്ഡ് കോള്‍ സര്‍വ്വീസ് )