കോവിഡ് കാലത്തെ ഗ്ലൗസ് അഴിമതിയുമായി മെഡിക്കൽ സർവീസസ് കോർപറേഷൻ ഗോഡൗണിലെ തീപിടിത്തത്തിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം: പ്രതിപക്ഷ നേതാവ്
കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ തിരുവനന്തപുരം ഗോഡൗണിലുണ്ടായ തീപിടിത്തത്തിന് പിന്നിലെ അട്ടിമറിയും ഗൂഡാലോചനയും ഗൗരവത്തോടെ അന്വേഷിക്കാൻ സർക്കാർ തയാറകണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കോവിഡ് കാലത്ത് ഗ്ലൗസ് വാങ്ങിക്കൂട്ടിയതിലെ അഴിമതിയുമായി തീപിടിത്തത്തിന് ബന്ധമുണ്ടോയെന്നതും പരിശോധിക്കണം. തെളിവ് നശിപ്പിക്കാനുള്ള ഗൂഡനീക്കത്തിന്റെ ഭാഗമാണോ തീപിടിത്തമെന്ന സംശയം പൊതുസമൂഹത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്ത് 2021 മേയ് 14, 27 തീയതികളിൽ പി.പി.ഇ കിറ്റും ഗ്ലൗസും ഉൾപ്പെടെ 15 ഇനങ്ങളെ അവശ്യമരുന്നുകളുടെ ഗണത്തിൽപ്പെടുത്തി വില നിയന്ത്രിച്ചുള്ള ഉത്തരവിറക്കി. ആദ്യ ഉത്തരവിൽ 5.75 രൂപയും രണ്ടാം ഉത്തരവിൽ 7 രൂപയുമായിരുന്നു ഗ്ലൗസിന്റെ പരമാവധി വില. എന്നാൽ ഈ ഉത്തരവുകൾ ലംഘിച്ച് കഴക്കൂട്ടം ആസ്ഥാനമാക്കി പച്ചക്കറി വിൽക്കുന്നതിന് വേണ്ടി ആരംഭിച്ച അഗ്രത ആവയോൺ എക്സിം എന്ന സ്ഥാപനത്തിൽ നിന്ന് 12.15 രൂപ നിരക്കിൽ ഒരുകോടി ഗ്ലൗസുകൾ സംഭരിക്കാൻ മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്സിഎൽ) തീരുമാനിക്കുകയായിരുന്നു.
കെ.എം.എസ്.സി.എൽ എം.ഡിയെ ഒഴിവാക്കി കാരുണ്യ പർച്ചേസ് വിഭാഗം അസിസ്റ്റന്റ് മാനേജരാണ് 12.15 കോടി രൂപയുടെ നൈട്രൈൽ ഗ്ലൗസ് ഇറക്കുമതി ചെയ്യാനുള്ള ഓർഡറിൽ ഒപ്പിട്ടത്. ഉത്തരവിലെ പ്രധാന വ്യവസ്ഥകൾ രണ്ടെണ്ണം കമ്പനിക്കു വേണ്ടി പേന കൊണ്ടു വെട്ടിത്തിരുത്തുകയും ചെയ്തു. സംസ്ഥാനത്ത് ഗ്ലൗസിനു വലിയ ക്ഷാമം ഇല്ലാതിരുന്ന കാലത്താണ് ടെൻഡറോ ക്വട്ടേഷനോ ഇല്ലാതെ 12.15 കോടി രൂപയുടെ ഉൽപന്നം 6.07 കോടി രൂപ മുൻകൂർ നൽകി ഇറക്കുമതി ചെയ്തത്. ഇംഗ്ലണ്ടിലെ ആരോഗ്യ സ്ഥാപനങ്ങൾക്കായി മലേഷ്യയിൽ നിന്നെത്തിച്ച ഗ്ലൗസാണ് അവിടെനിന്നും കേരളത്തിലേക്ക് ഇറക്കുമതി ചെയ്തത്.
കരാർ രേഖകളിലെ രണ്ട് പ്രധാന വ്യവസ്ഥകളാണ് പേന കൊണ്ട് തിരുത്തിയത്. ‘ഇൻവോയ്സ് തയാറാക്കി 45 ദിവസത്തിനുള്ളിൽ പണം നൽകണം’ എന്നത് 5 ദിവസത്തിനുള്ളിലെന്ന് തിരുത്തി. ഉൽപന്നത്തിന് ചുരുങ്ങിയത് 60% ഉപയോഗ കാലാവധി (ഷെൽഫ് ലൈഫ്) വേണമെന്നതും വെട്ടിമാറ്റി. രണ്ട് പർച്ചേസ് ഓർഡറുകളിലായി (1634, 1635) ഒരു കോടി ഗ്ലൗസിന് ഓർഡർ നൽകി മൂന്നാം ദിവസം മുൻകൂർ തുകയുടെ ചെക്കും നൽകി. ഈ കമ്പനി എത്തിച്ച ഉൽപന്നത്തിലെങ്ങും നിർമാണ തീയതിയോ കാലാവധി തീരുന്ന ദിവസമോ പരമാവധി വിൽപന വിലയോ രേഖപ്പെടുത്തിയിട്ടില്ല. ഇതിനിടെ 15 ദിവസത്തിനുള്ളിൽ 41.6 ലക്ഷം ഗ്ലൗസുകൾ മാത്രമാണ് എത്തിച്ചതെന്ന കാരണത്താൽ കരാർ റദ്ദാക്കുകയും ചെയ്തു. എന്നാൽ 50 ലക്ഷം ഗ്ലൗസുകൾക്കായി നൽകിയ മുൻകൂർ പണത്തിൽ ശേഷിക്കുന്ന ഒരു കോടി രൂപ ഇതുവരെ തിരിച്ച് വാങ്ങിയിട്ടുമില്ല.
പച്ചക്കറി സ്ഥാപനത്തിന് നൽകാൻ സാധിക്കാത്ത 50 ലക്ഷം ഗ്ലൗസ് ലഭ്യമാക്കുന്നതിനായി വീണ്ടും ടെൻഡർ വിളിച്ചു. കരാർ ലഭിച്ച ജേക്കബ് സയന്റിഫിക്സ്, ലിബർട്ടി മെഡ് സപ്ലയേഴ്ർസ് എന്നിവർ 8.78 രൂപയ്ക്കും 7 രൂപയ്ക്കുമാണ് ഗ്ലൗസ് വിതരണം ചെയ്തത്. വിപണിയിൽ ഇത്രയും കുറഞ്ഞ വിലയ്ക്ക് ഗ്ലൗസുകൾ ലഭ്യമായിരുന്നെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
പച്ചക്കറി സ്ഥാപനം ഉയർന്ന വിലയ്ക്ക് നൽകിയ ഗ്ലൗസ് കൊച്ചി, തിരുവനന്തപുരം സംഭരണ ശാലകളിലാണ് സൂക്ഷിക്കേണ്ടത്. ഇപ്പോഴും ഉപയോഗിക്കാതെ കിടക്കുന്ന ഈ ഗ്ലൗസുകളുടെ ഗുണമേന്മ സംബന്ധിച്ച പരിശോധന അന്വേഷണ ഏജൻസികൾ നടത്താനിരിക്കെയാണ് തീപിടിത്തമുണ്ടായത്. നിലവിലെ സാഹചര്യത്തിൽ ഗ്ലൗസുകളും തീപിടിത്തത്തിൽ നശിക്കപ്പെട്ടിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നത്. 60% ഉപയോഗ കാലാവധി വേണമെന്ന വ്യവസ്ഥ കരാറിൽ നിന്നും വെട്ടിമാറ്റിയതും ഗ്ലൗസ് നശിപ്പിക്കപ്പെട്ടുണ്ടെന്ന സംശയത്തിന്ബലം നൽകുന്നതാണെന്നും അദ്ദേഹം കുട്ടിച്ചേർത്തു.