സിദ്ദിഖിന്റെ മൃതദേഹം മുറിക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടർ കണ്ടെത്തി
ഹോട്ടൽ ഉടമ സിദ്ദിഖിന്റെ മൃതദേഹം മുറിക്കാൻ പ്രതികൾ ഉപയോഗിച്ച ഇലക്ട്രിക് കട്ടർ പോലീസ് കണ്ടെത്തി. പെരിന്തൽമണ്ണയിലെ ചിരട്ടാമലയിൽ പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് കട്ടർ കണ്ടെത്തിയത്. സിദ്ദിഖിന്റെതെന്ന് കരുതുന്ന രണ്ട് എടിഎം കാർഡ്, ആധാർ കാർഡ്, ഹോട്ടലിലെ തലയണ കവർ, ചെരിപ്പ്, വസ്ത്രഭാഗങ്ങൾ എന്നിവയും ഇവിടെനിന്ന് കണ്ടെടുത്തു.കൊലപാതകത്തിന് ഉപയോഗിച്ച ഇലക്ട്രിക് കട്ടറും മറ്റും ഉപേക്ഷിച്ചത് ചിരട്ടാമലയിലാണെന്ന് പ്രതികൾ നേരത്തെ പോലീസിന് മൊഴി നൽകിയിരുന്നു. മൃതദേഹം രണ്ട് ട്രോളി ബാഗുകളിലാക്കി അട്ടപ്പാടയിലെത്തി ഉപേക്ഷിച്ച് തിരിച്ചുവരുന്നതിനിടെയാണ് പ്രതികൾ ചിരട്ടാമലയിലെത്തിയത്. ഇവിടെയുള്ള ഒരു വ്യൂപോയന്റിനടുത്ത് കാർ നിർത്തിയശേഷം ഫർഹാനയാണ് വാഹനത്തിൽനിന്ന് പുറത്തിറങ്ങി ഇവ താഴേക്ക് വലിച്ചെറിഞ്ഞത്.
തെളിവുനശിപ്പിക്കാൻ കട്ടറും വസ്ത്രവുമെല്ലാം ചിരട്ടാമലയിൽ ഉപേക്ഷിക്കാമെന്ന് മുഖ്യപ്രതികളിലൊരാളായ ഷിബിലിയാണ് നിർദേശിച്ചത്. മയക്കുമരുന്ന് ഉപയോഗിക്കുന്നതിനായി ഇതിന് മുമ്പും ഷിബിലി ഈ പ്രദേശത്തേക്ക് എത്തിയിരുന്നു. ഒഴിഞ്ഞ പ്രദേശമാണിതെന്ന് അറിയുന്നതുകൊണ്ടാണ് ഷിബിലി ഈ സ്ഥലംതന്നെ തിരഞ്ഞെടുത്തത്. കൃത്യമായ ആസൂത്രണത്തോടെ ഇവ ഉപേക്ഷിച്ചശേഷം ഷിബിലി ഫർഹാനയെ വീട്ടിൽ കൊണ്ടുവിടുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.തെളിവെടുപ്പ് പൂർത്തിയാക്കിയശേഷം പ്രതികളെ ഇന്നുതന്നെ അന്വേഷണ സംഘം തിരൂർ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്നാണ് വിവരം. തുടർന്ന് കസ്റ്റഡിയിൽ കിട്ടിയശേഷമായിരിക്കും ഇനി കോഴിക്കോട്ടും അട്ടപ്പാടയിലെ അഗളിയിലും എത്തിച്ച് തെളിവെടുപ്പ് നടത്തുക.