അരിക്കൊമ്പനെ തുറന്നുവിടരുത്; മണിമുത്താറില്‍ നാട്ടുകാരുടെ പ്രതിഷേധം
അരിക്കൊമ്പനെ തുറന്നുവിടാന്‍ എത്തിച്ച പ്രദേശത്ത് പ്രതിഷേധവുമായി നാട്ടുകാര്‍. മണിമുത്താറില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ മാഞ്ചോല എന്ന സ്ഥലത്ത് അരിക്കൊമ്പനെ തുറന്നുവിടുമെന്നാണ് വനംവകുപ്പ് പറയുന്നത്. മണിമുത്താറിലെ നാട്ടുകാരാണ് പ്രതിഷേധവുമായി എത്തിയത്. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ മുദ്രാവാക്യംവിളികളുമായി ഇവര്‍ തടഞ്ഞതിനെ തുടര്‍ന്ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
മണിമുത്താറില്‍നിന്ന് വനമേഖലയായ മാഞ്ചോലയിലേക്ക് എത്താന്‍ വാഹനം പോകുന്ന വഴിയില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. അഞ്ച് കിലോമീറ്റര്‍ വരെ മാത്രമാണ് വാഹനഗതാഗതം സാധിക്കുകയെന്നും അവിടെ തുറന്നുവിടാനാണ് വനംവകുപ്പ് ശ്രമിക്കുന്നതെന്നുമാണ് ആരോപണം.
പോലീസും വനംവകുപ്പുമായി ജനങ്ങള്‍ ചര്‍ച്ചനടത്തിയെങ്കിലും പ്രതിഷേധക്കാര്‍ ഉന്നയിച്ച ആശങ്കയ്ക്ക് മറുപടി നല്കാന് അവര്‍ക്ക് സാധിച്ചില്ല. സമവായത്തിലെത്താന്‍ സാധിക്കാതെവന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ മുദ്രാവാക്യം വിളികളുമായി വഴിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.