വ്യാജ സർട്ടിഫിക്കറ്റ് കേസ്; കെ. വിദ്യയുടെ റിസർച്ച് ഗൈഡ് പിൻമാറി
ഗസ്റ്റ് അധ്യാപക നിയമനത്തിനായി വ്യാജരേഖ സമർപ്പിച്ചെന്ന കേസിൽ ഉൾപ്പെട്ട മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയുടെ റിസർച്ച് ഗൈഡ് പിൻമാറി. അധ്യാപികയായ ബിച്ചു എക്സ്. മലയിൽ ആണ് പിൻമാറിയത്. വിദ്യ നിരപരാധിത്വം തെളിയിക്കുംവരെ സ്ഥാനത്തുനിന്ന് മാറിനിൽക്കുമെന്ന് വ്യക്തമാക്കുന്ന കത്ത് ചൊവ്വാഴ്ച സർവകലാശാല വെെസ് ചാൻസിലർക്ക് കെെമാറി.
മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവേശനം നേടിയ വിദ്യാർഥിക്ക് മാർഗനിർദേശങ്ങൾ നൽകുന്നത് മറ്റ് വിദ്യാർഥികൾക്ക് തെറ്റായ സന്ദേശം നൽകുമെന്ന് ബിച്ചു എക്സ്. മലയിൽ പറഞ്ഞു. നിയമപരമായി നിരപരാധിത്വം തെളിയിക്കുന്നതുവരെ വിദ്യയ്ക്ക് മാർഗനിർദേശങ്ങൾ നൽകാൻ സാധിക്കില്ല. വിവരം ഔദ്യോഗികമായി മലയാളത്തിന്റെ എച്ച്.ഒ.ഡി വഴി വി.സിക്ക് കെെമാറിയെന്നും അവർ അറിയിച്ചു.
2020-ലാണ് ആരോപണവിധേയായ വിദ്യാർഥി കാലടി സർവകലാശാലയിൽ ഗവേഷണ വിദ്യാർഥിയായി പ്രവേശിക്കുന്നത്. ഇതിനുശേഷമുള്ള പരിചയം മാത്രമാണ് വിദ്യയുമായി ഉള്ളുവെന്നും അവർ കൂട്ടിച്ചേർത്തു.