‘മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കിയ സംഭവം’ കരച്ചിൽ നാടകവുമായി മോദി വീണ്ടും..
സ്ത്രീകളുടെ പുരോഗതി എപ്പോഴും രാജ്യ ശാക്തീകരണത്തിന് കരുത്ത് പകരുന്നുവെന്ന് പറഞ്ഞ് നടക്കുന്ന രാജ്യം ഭരിക്കുന്ന സർക്കാരിന് തല കുനിക്കേണ്ട അവസ്ഥയാണ് മണിപ്പൂരിലെ ഞെട്ടിപ്പിക്കുന്ന സംഭവം വഴി വന്നുചേർന്നിരിക്കുന്നതെന്ന് നിസംശയം പറയാം. സ്ത്രീശാക്തീകരണത്തിനായി പദ്ധതികളും സമിതികളും ആവിഷ്കരിക്കാൻ കെടഞ്ഞ് പരിശ്രമിക്കുന്ന കേന്ദ്ര സർക്കാർ മണിപ്പൂരിൽ മാസങ്ങളായി നടക്കുന്ന അക്രമ സംഭവങ്ങളിൽ ഇത്രയും നാൾ എന്തുകൊണ്ട് പ്രതികരിച്ചില്ല ? സംഘർഷത്തിൽ എത്രയേറെ പേർക്കാണ് ജീവൻ നഷ്ടമായത്? അന്നൊക്കെ അമേരിക്കൻ സന്ദർശനത്തിലായിരുന്ന പ്രധാനമന്ത്രി ഒടുവിൽ മൗനം വെടിഞ്ഞത് പാർലമെന്റ് സമ്മേളനം നടക്കുന്നതിനാലാണോ? ഇത്രയേറെ സംഭവവികാസങ്ങൾ രാജ്യത്ത് അരങ്ങേറിയിട്ടും കണ്ണടച്ച ഭരണകൂടം മണിപ്പൂരിലെ ആ സ്ത്രീകളുടേ കണ്ണീരിനെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കാൻ പോകുന്നത്. രണ്ടു കോടി സ്ത്രീകള്‍ക്ക് വീടുകള്‍ ലഭിച്ചിരിക്കുന്നു. അവര്‍ ലക്ഷാധിപതികളായിരിക്കുന്നു, ലക്ഷാധിപതികള്‍. കഴിഞ്ഞ അന്താരാഷ്ട്ര വനിതാദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളാണിത്. വീട് നൽകി ലക്ഷാധിപധികൾ ആക്കുകയാണോ അതോ അവളുടെ മാനം കാക്കാനുള്ള നടപടി സ്വീകരിക്കുകയാണോ രക്ഷാധികാരികളായ ഭരണാധികാരികൾ ചെയ്യേണ്ടത്. ബേട്ടി ബച്ചാവേ, ബേട്ടി പഠാവോ, പോലെ സ്ത്രീകൾക്കായി പദ്ധതികൾ രൂപീകരിച്ചാൽ മാത്രം മതിയോ അവരുടെ മാനത്തിന് ഒരു വിലയിലുമില്ലേ ?
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരായി നടത്തിയ സംഭവം 140 കോടി ഇന്ത്യക്കാരെ നാണം കെടുത്തുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. പുറത്തുവരുന്ന ദൃശ്യങ്ങൾ അത്യന്തം വേദനാജനകമാണ്. കുറ്റവാളികളിൽ ഒരാളെ പോലും വെറുതെ വിടില്ല. മണിപ്പൂരിലെ സംഭവങ്ങൾ വേദനിപ്പിക്കുന്നതാണെന്നും മോദി പറഞ്ഞു. വിഷയം രാഷ്ട്രീയവത്ക്കരിക്കരുതെന്ന് എല്ലാ പാർട്ടികളോടും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഹൃദയത്തിൽ വേദനയും ദേഷ്യവും ഉണ്ടാകുന്നുണ്ടെന്നും നിയമം സർവശക്തിയിൽ പ്രയോഗിക്കുമെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. അതോടൊപ്പം മണിപ്പൂരിലെ പെൺമക്കൾക്കുണ്ടായ ദുരനുഭവം ഒരിക്കലും പൊറുക്കാനാവില്ലെന്നും പരിഷ്കൃത സമൂഹത്തെ നാണം കെടുത്തുന്ന സംഭവത്തിൽ സ്ത്രീ സുരക്ഷയ്ക്കായി കർശന നടപടികൾ സ്വീകരിക്കണമെന്ന് എല്ലാ മുഖ്യമന്ത്രിമാരോടും അഭ്യർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏത് സംസ്ഥാനത്ത് നടന്നാലും ശക്തമായി അപലപിക്കപ്പെടേണ്ടതാണ്. രാഷ്ട്രീയത്തിലുപരിയായി എല്ലാവരുടെയും ഇടപെടൽ പ്രതീക്ഷിക്കുന്നുവെന്നും മോദി പാർലമെന്റ് സമ്മേളനത്തിനിടയിൽ പറഞ്ഞു.
മെയ് 4ന്, മണിപ്പൂരില്‍ കുക്കി-മെയ്തി ഏറ്റുമുട്ടല്‍ ആരംഭിച്ച് ദിവസങ്ങള്‍ക്ക് ശേഷം, കുക്കി സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തുകയായിരുന്നു. വസ്ത്രങ്ങള്‍ അഴിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷമാണ് വീഡിയോ പുറത്തുവന്നത്. വീഡിയോയില്‍ കാണുന്ന രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്തെന്നാണ് പുറത്തുവന്ന വിവരം.വീഡിയോ വൻ രോഷത്തിന് കാരണമായിരിക്കുകയാണ് ഇപ്പോൾ. അതോടൊപ്പം, വീഡിയോ ഷെയർ ചെയ്യരുതെന്ന് കേന്ദ്രം ട്വിറ്ററിനും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കും നിർദ്ദേശം നൽകിയിട്ടുമുണ്ട് . ഇന്ത്യൻ നിയമങ്ങൾ പാലിക്കേണ്ടത് അനിവാര്യമാണെന്നും വിഷയം അന്വേഷിക്കുകയാണെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട് .സമൂഹമാധ്യമത്തിൽ വീഡിയോ വൈറലായതിന് പിന്നാലെ മണിപ്പൂരിലെ മലയോര മേഖലകളിൽ സംഘർഷം നിലനിൽക്കുകയാണ്.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികളും രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ജയറാം രമേശ്, സച്ചിന് പൈലറ്റ്, ശിവസേന നേതാക്കളായ ആദിത്യ താക്കറെ, പ്രിയങ്ക ചതുര്‍വേദി, തൃണമൂല്‍ നേതാക്കളായ മഹുവ മൊയ്ത്ര, സാകേത് ഗോഖലെ എന്നിവര്‍ വീഡിയോയെ ശക്തമായി അപലപിച്ചിരുന്നു. സ്ത്രീകൾക്കെതിരായ ഈ ഭയാനകവും മനുഷ്യത്വരഹിതവുമായ പ്രവൃത്തിയിൽ വീഡിയോ പിൻവലിക്കാൻ ആവശ്യപ്പെടുന്നത് സർക്കാരിന്റെ കഴിവില്ലായ്മയാണെന്ന് ശിവസേന എം പി പ്രിയങ്ക ചതുര്‍വേദി ആരോപിച്ചിരുന്നു.