മണിപ്പൂർ സംഭവം മോദിയുടെ ഗെയിംപ്ലാൻ
മണിക്കൂറുകൾ കൂടുന്തോറും മണിപ്പൂരിൽ നിന്ന് പുറത്തുവരുന്ന മനുഷ്യത്വരഹിതമായ വാർത്തകൾ കേട്ട് അമ്പരന്നിരിക്കുകയാണ് നാം. 2023 ലാണ് ഇത്തരം കഠിനവും ക്രൂരവുമായ സംഭവങ്ങൾ നടക്കുന്നതെന്ന് ഓർക്കുമ്പോൾ ലജ്ജയല്ലാതെ മറ്റെന്ത് വികാരമാണ് ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ നമുക്കുണ്ടാവുക. പ്രശസ്തമാധ്യമ പ്രവർത്തക ഷാഹിന കെ കെ തന്റെ ഫേസ്ബുക്കിൽ ഇട്ട ഒരു പോസ്റ്റുണ്ട്. അതിൽ മണിപ്പൂരിൽ നിന്നുള്ള മാധ്യമപ്രവർത്തകന്റെ ദയനീയാവസ്ഥയെ കുറിച്ചാണ് പരാമർശിക്കുന്നത്. ദി ഫോൺഡിയർ മണിപ്പൂർ എന്ന പത്രത്തിന്റെ എഡിറ്ററാണ് അദ്ദേഹം. ആ പോസ്റ്റിൽ അദ്ദേഹത്തെ കുറിച്ച് പറയുന്നതിങ്ങനെയാണ്, മണിപ്പൂരിൽ കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ പുറംലോകത്തെ അറിയിക്കുന്നതിന്റെ പേരിൽ വേട്ടയാടുന്ന ജേണലിസ്റ്റ്. മാത്രമല്ല യുഎപിഎ അടക്കം നിരവധി കേസുകളുണ്ട് അദ്ദേഹത്തിന്റെ പേരിൽ. മണിപ്പൂരിൽ ദിവസങ്ങളോളം ഇന്റർനെറ്റില്ലാതിരുന്നിട്ടും ദി ഫോൺഡിയർ എന്ന അദ്ദേഹത്തിന്റെ പത്രം നിലച്ചു പോയില്ല, അടുത്തുള്ള മജിസ്ട്രേറ്റിന്റെ ഓഫീസിൽ ചെന്നാണ് ആ മാധ്യമപ്രവർത്തകൻ വാർത്തകൾ അപ് ലോഡ് ചെയ്തിരുന്നത്. അതും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം. ഇപ്പോൾ മണിപ്പൂരിൽ നിന്ന് പുറത്തു വന്ന ആ വീഡിയോയ്ക്ക് ആസ്പദമായ സംഭവം നടക്കുന്നത് മെയ് 4 നാണ് എന്നിട്ടും വാർത്ത പുറം ലോകം അറിഞ്ഞത് കഴിഞ്ഞ ദിവസം മാത്രം. എന്തുകൊണ്ടാണ് സംഭവം ഇപ്പോൾ മാത്രം പുറം ലോകം അറിഞ്ഞത്. അതെ ആ മാധ്യമപ്രവർത്തകൻ പറയുന്നത് ഈ വാർത്ത ഇപ്പോൾ പുറത്തു വന്നതുപോലും വ്യക്തമായ ഒരു ഗെയിം പ്ലാനിന്റെ ഭാഗമായിട്ടായിരുന്നു എന്നാണ്. അവിടെ ഇനിയും പുറംലോകം അറിഞ്ഞിട്ടില്ലാത്ത കൊലപാതകങ്ങളും ക്രൂരതകളും നടക്കുന്നുണ്ടെന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. പാർലമെന്റ് സമ്മേളനം നടക്കവെയാണ് പ്രധാനമന്ത്രി ഈ വിഷയത്തിൽ മൗനം വെടിഞ്ഞത്. അതെ ഈ വിഷയത്തിൽ ഒരു ജനശ്രദ്ധ പിടിച്ചുപറ്റാനായിരിക്കുമോ ഇത്രയും നാൾ നീണ്ടുനിന്ന പ്രധാനമന്ത്രിയുടെ മൗനം. സത്യത്തിൽ ഈ വീഡിയോ ഇപ്പോൾ വൈറലായും പ്രധാനമന്ത്രിക്ക് പ്രതികരിക്കേണ്ടി വന്നതും സോഷ്യൽമീഡിയയുടെ ശക്തിയാണെന്നും ജനങ്ങളുടെ വിജയമാണെന്നും വിശ്വസിക്കുന്നവർക്ക് ജിയോപൊളിറ്റ്ക്സ് എന്താണെന്ന് മനസ്സിലായിട്ടില്ലെന്നാണ് ആ മാധ്യമ പ്രവർത്തകൻ ചുരുക്കത്തിൽ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വളരെ വ്യക്തമാണ് നമ്മുടെ ഇന്ത്യയിൽ നിറഞ്ഞാടുന്ന രാഷ്ട്രീയത്തിന്റെ അന്തർധാര എന്ന് വ്യക്തവും സ്പഷ്ഠവുമാണ്.
മെയ് ആദ്യവാരത്തില്‍ നടന്ന അതിക്രൂരമായ സംഭവത്തിന്റെ വീഡിയോ ബുധനാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഇന്റര്‍നെറ്റിനുള്ള വിലക്ക് പിന്‍വലിച്ചതിന് പിന്നാലെയാണ് ദൃശ്യം പുറത്ത് വന്നത്. അതിക്രമവുമായി ബന്ധപ്പെട്ട് നാല് പേരെ നിലവില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. അതോടൊപ്പം സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ മണിപ്പൂർ സർക്കാരിന് നോട്ടീസയച്ചിട്ടുണ്ട്.. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചത് വ്യാപക രോഷം ഉയര്‍ത്തിയതിന് പിന്നാലെയായിരുന്നു നടപടി. പൊലീസ് തങ്ങളെ ആള്‍ക്കൂട്ടത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്ന് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു. എഫ്ഐആർ ഇട്ട് രണ്ട് മാസത്തിന് ശേഷമാണ് ആദ്യ അറസ്റ്റ് നടന്നത് പോലും. സ്ത്രീകളെ ലൈംഗീകമായി ഉപദ്രവിച്ച ആള്‍ക്കൂട്ടം ഇതില്‍ ഒരാളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതിയിൽ. അതോടൊപ്പം മണിപ്പൂരിലുണ്ടായ ഈ അക്രമ സംഭവങ്ങളില്‍ 150ഓളം പേര് കൊല്ലപ്പെട്ടായാണ് പുറത്ത് വന്ന കണക്കുകള്‍ വിശദമാക്കുന്നത്. നിരവധിപ്പേര്‍ക്ക് അക്രമങ്ങളില്‍ പരിക്കേറ്റിട്ടുമുണ്ട്. മെയ്തെയ് വിഭാഗം സംവരണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മണിപ്പൂരില്‍ സംഘര്‍ഷം ഉടലെടുത്തത്. മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളമുള്ള മെയ്തെയ് വിഭാഗത്തിന് സംവരണം അനുവദിക്കുന്നതിന് നാഗാ, കുക്കി വിഭാഗങ്ങളിലെ ആദിവാസി വിഭാഗങ്ങള്‍ എതിര്‍ത്തിരുന്നു. മണിപ്പൂരിലെ ജനസംഖ്യയിലെ 40 ശതമാനം മാത്രമാണ് ആദിവാസി വിഭാഗങ്ങളുള്ളത്.