പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെ കളത്തിലിറക്കുമോ ? ആദരവ് വേറെ , രാഷ്ട്രീയമത്സരം വേറെയെന്ന് ഇ പി
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണത്തിനുശേഷം പുതുപ്പള്ളി മണ്ഡലത്തിൽ ആര് എന്നതിനെ കുറിച്ചുള്ള ചർച്ചകളിലേക്കാണ് രാഷ്ട്രീയ കേരളം വിരൽ ചൂണ്ടുന്നത്. അതെ സിപിഐമ്മും കോൺസും ഇപ്പോൾ തന്നെ ഇതുമായി ബന്ധപ്പെട്ടുള്ള വാക്പോരാട്ടങ്ങളിൽ ഏർപ്പെട്ടു കഴിഞ്ഞു.ഉമ്മൻചാണ്ടിയോടുള്ള ആദരവ് കണക്കിലെടുത്ത് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മത്സരം ഒഴിവാക്കാനുള്ള ഔചിത്യം എൽഡിഎഫ് കാണിക്കണമെന്നാണ് വിഷയത്തിൽ കോൺഗ്രസ് നിലപാട്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാകുമ്പോഴാണ് ഇടതിനെ കുഴക്കി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻറെ ഈ നീക്കം. അതായത് ഉമ്മൻചാണ്ടിയോടുള്ള ആദരവ് കണക്കിലെടുത്ത് എതിരാളികളെ നിർത്താതിരിക്കാനുള്ള ഔചിത്യം കാണിക്കണമെന്നാണ് കെപിസിസി പ്രസിഡണ്ട് അഭിപ്രായപ്പെടുന്നത്.. ആവശ്യം മുന്നോട്ട് വെക്കാതെ കണ്ടറിഞ്ഞ് ചെയ്യണമെന്ന നിലപാട് എൽഡിഎഫിനെ സമ്മർദ്ദത്തിലാക്കുകയാണ്.
എന്നാൽ ഉമ്മൻചാണ്ടിയുടെ മരണത്തിന് പിന്നാലെ ചേർന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗമാകട്ടെ ഉപതരെഞ്ഞെടുപ്പ് നേരിടാനുള്ള തയ്യാറെടുപ്പുകളിലേക്ക് കടക്കാൻ തീരുമാനമെടുത്തതായാണ് വിവരം . ആദരവ് വേറെ , രാഷ്ട്രീയമത്സരം വേറെ എന്ന നിലയ്ക്ക് സുധാകരൻറെ ആവശ്യം തള്ളാൻ തന്നെയാകും ഇടത് തീരുമാനിക്കുക. സുധാകരന്റെ നിലപാട് അരാഷ്ട്രീയമാണെന്നും കോൺഗ്രസ് അങ്ങിനെ ചെയ്ത പാരമ്പര്യം പറയാമോ എന്നാണ് ഇപി ജയരാജന്റെ തിരിച്ചുള്ള ചോദ്യം .
ആരാകും ഒസിയുടെ പിൻഗാമി എന്നതിൽ കോൺഗ്രസ് നിരയിൽ അനൗദ്യോഗിക ചർച്ച മുറുകിയെന്നു വേണം പറയാൻ. വിലാപയാത്രയിലുടനീളം ഒഴുകിയെത്തിയ ജനങ്ങളോട് കൈ കൂപ്പി നീങ്ങിയ മകൻ ചാണ്ടി ഉമ്മൻറ പേര് തന്നെയാണ് സജീവപരിഗണനയിൽ. മകൾ അച്ചുവിനറെ പേരും ചിലരുടെ മനസിലുണ്ട്.കുടുംബാംഗങ്ങളോട് പേര് നിർദ്ദേശികാൻ പറഞ്ഞ് അത് പാർട്ടി അംഗീകരിച്ചായിരിക്കും അന്തിമ തീരുമാനം. നാളെ തിരുവനന്തപുരത്തെ അനുസ്മരണ സമ്മേളനത്തിന് ശേഷം കോൺഗ്രസ് ഔദ്യോഗിക ചർച്ചകളിലേക്ക് കടക്കും. കഴിഞ്ഞ തവണ ഒസിയുടെ ഭൂരിപക്ഷം കുറവായിരുന്നു. പക്ഷെ കേരള നെഞ്ചേറ്റിയ അന്ത്യയാത്രക്ക് ശേഷം വരുന്ന ഉപതരെഞ്ഞെടുപ്പിൽ കുടുംബാംഗങ്ങളെ നിർത്തും വഴി മികച്ച ജയം ഉറപ്പാണെന്നാണ് കോൺഗ്രസിന്റെ കണക്ക് കൂട്ടൽ. ഉമ്മൻചാണ്ടിയുടെ സ്വന്തം തട്ടകത്തിൽ വമ്പൻജയം കോൺഗ്രസിൻറെ ഏറ്റവും വലിയ അഭിമാനപ്രശ്നം കൂടിയാണ്.
പുതുപ്പള്ളി മണ്ഡല രൂപീകരണത്തിന് ശേഷം ഒരുതവണ മാത്രമാണ് സിപിഐഎം പുതുപ്പള്ളിയിൽ വിജയിച്ചത്. മണ്ഡലത്തിൽ എട്ടു പഞ്ചായത്തിൽ ആറിലും ഭരണമുണ്ടെന്ന കണക്കിന്റെ ബലത്തിൽ പുതുപ്പള്ളി തിരിച്ചു പിടിക്കാനുള്ള ചർച്ചകളാണ് എൽഡിഎഫും സജീവമാക്കിയിരിക്കുന്നത്. അഞ്ചു പതിറ്റാണ്ടിലേറെ ഉമ്മൻചാണ്ടിക്കൊപ്പം നിന്ന കോൺഗ്രസ് കോട്ടയാണ് പുതുപ്പള്ളി. അതുകൊണ്ട് തന്നെ പുതുപ്പള്ളി എന്നും കോൺഗ്രസിനൊപ്പമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. നിയമസഭാംഗം അന്തരിച്ചാൽ 6 മാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണു ചട്ടം. ഇതനുസരിച്ച് ജനുവരി 17നു മുൻപു പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് നടത്തണം. പുതുപ്പള്ളിയിലെ ഒഴിവു സംബന്ധിച്ച് നിയമസഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുകയും അക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതോടെ ഒഴിവു വന്ന വയനാട്ടിൽ ഇനി ഉപതിരഞ്ഞെടുപ്പ് നടത്താൻ സാധ്യതയില്ല. ഒരു വർഷമെങ്കിലും കാലാവധി ബാക്കിയുണ്ടെങ്കിലേ ഉപതിരഞ്ഞെടുപ്പു നടത്താറുള്ളൂ. മാർച്ച് 24നാണ് രാഹുലിനെ അയോഗ്യനാക്കിയത്. മേയ് വരെയാണു ലോക്സഭയുടെ കാലാവധി. ഇതനുസരിച്ച് 14 മാസം ബാക്കിയുണ്ടായിരുന്നെങ്കിലും കേസ് ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അടുത്ത മാസം 4നു സുപ്രീംകോടതി കേസിൽ വിധി പറയുമെന്നാണു കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ വിധി അനുകൂലമായാൽ രാഹുലിന് വയനാട് എംപിയായി മടങ്ങിവരാം. വിധി രാഹുലിന് എതിരായാൽ തുടർന്നുള്ള 9 മാസത്തേക്കായി ഉപതിരഞ്ഞെടുപ്പ് നടത്താൻ സാധ്യതയില്ല.