തുലാവര്‍ഷം വരുന്നു; തെക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യത
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം (ഇടവപ്പാതി) ഗണ്യമായി കുറഞ്ഞതിന് പിന്നാലെ, വരാനിരിക്കുന്ന തുലാവര്‍ഷത്തില്‍ (വടക്കുകിഴക്കന്‍ മണ്‍സൂണ്‍) സംസ്ഥാനത്ത് മഴലഭ്യതയില്‍ പ്രാദേശികമായ വലിയ വ്യത്യാസത്തിന് സാധ്യത. തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും വടക്കന്‍ കേരളത്തില്‍ സാധാരണയില്‍ കുറഞ്ഞ മഴ മാത്രമേ ലഭിക്കൂ എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഇടുക്കിയിലും ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ ഉപദ്വീപില്‍ പൊതുവെ സാധാരണ നിലയിലുള്ള മഴ ലഭിക്കും. എന്നാല്‍ ഇത് സംസ്ഥാനത്തുടനീളം ഒരുപോലെ ആയിരിക്കില്ലെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. മണ്‍സൂണിനെ അപേക്ഷിച്ച് തുലാവര്‍ഷത്തിന്റെ സ്വഭാവം കൂടുതല്‍ പ്രവചനാതീതവും പ്രാദേശികവുമാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദങ്ങളുടെയും ചുഴലിക്കാറ്റുകളുടെയും സഞ്ചാരപഥത്തെ ആശ്രയിച്ചായിരിക്കും കേരളത്തിലെ തുലാവര്‍ഷ ലഭ്യത.













