പാർലമെന്റിൽ മോദിയെ വിറപ്പിച്ച് പ്രതിപക്ഷ ഐക്യം ! അണിയറയിൽ മറുതന്ത്രം മെനഞ്ഞ് അമിത്ഷാ
മണിപ്പൂരിൽ നടക്കുന്ന വംശീയാതിക്രമങ്ങൾക്ക് അറുതിയില്ലാതായിരിക്കുകയാണ്. മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകളാണ് ഓരോ ദിവസവും മണിപ്പൂരിൽ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഭരണപക്ഷത്തിലുള്ള ബിജെപിയാകട്ടെ വ്യക്തമായൊരു മറുപടി ഇന്നേവരെ ഈ വിഷയത്തിൽ നൽകിയിട്ടുമില്ല..സ്ത്രീകൾക്കെതിരായ അക്രമത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിൽ വിവേചനമുണ്ടെന്ന പ്രസ്താവനയുമായാണ് ബിജെപി ഇപ്പോൾ പുതിയനാടകവുമായി എത്തിയത്.
മണിപ്പൂരിലേത് മാത്രമാണ് പ്രതിപക്ഷം കാണുന്നത്. രാജസ്ഥാനിലെയും മാൾഡയിലെയും കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ സുകാന്ത മജൂംദാർ കുറ്റപ്പെടുത്തിയത്. സ്ത്രീകളുടെ സുരക്ഷ ഏത് സംസ്ഥാനത്തായാലും പരമ പ്രധാനമെന്ന് രാജ്യവർദ്ധൻ സിംഗ് റാത്തോഡ് എംപിയും പറഞ്ഞു. മോദി സർക്കാർ സ്ത്രീകൾക്കായി 11 കോടി ശുചിമുറികളുണ്ടാക്കിയിട്ടുണ്ട്. പ്രതിപക്ഷം ചർച്ചയില്‍ നിന്നും ഒളിച്ചോടുകയാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി കുറ്റപ്പെടുത്തുകയുണ്ടായി. പാർലമെന്റില്‍ ചർച്ചയ്ക്ക് തയാറാകണമെന്നാണ് സർക്കാറിന്റെ ആഗ്രഹം. പ്രതിപക്ഷത്തിന്റെ തന്ത്രം എന്തെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതായത് രാജ്യത്ത് ഒരു അനിഷ്ട സംഭവമോ അക്രമോ സംഭവിച്ചാൽ അതിനുള്ള ഉത്തരം നൽകേണ്ടത് ഭരണപക്ഷമാണോ പ്രതിപക്ഷമാണോ ? മണിപ്പൂർ വിഷയത്തിൽ ബിജെപിക്കെതിരെ പ്രതിപക്ഷം ആഞ്ഞടിക്കുകയാണ് .. എന്നാൽ അതിനുള്ള മറുചോദ്യമെന്നപോൽ ബിജെപി ചോദിക്കുന്നത് മണിപ്പൂരിൽ മാത്രമാണോ പ്രതിപക്ഷത്തിന്റെ കണ്ണിൽ സ്ത്രീകൾക്കെതിരെ അതിക്രമം നടക്കുന്നത് എന്നാണ്. മണിപ്പൂരിൽ സംഭവിച്ചതിൻെറ അഥവാ സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനു മാത്രമല്ലെ ? സംഘർഷങ്ങൾ ആരംഭിച്ചത് ഇന്നോ ഇന്നലെയോ അല്ല .. മാസങ്ങൾ പിന്നിടുകയാണ് .. എന്നിട്ട് എന്ത് നടപടിയാണ് രാജ്യം ഭരിക്കുന്ന സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത്?
മണിപ്പൂരിൽ മാത്രമല്ല എല്ലാ സംസ്ഥാനങ്ങിലും രാജ്യത്തെവിടെയും ഒരു സ്ത്രീയ്ക്കും ഇങ്ങനെയൊന്നും ഇനി സംഭവിക്കാൻ പാടില്ല? അതിനുവേണ്ടി യുള്ള നടപടിയല്ലെ നടപ്പിലാക്കേണ്ടത് ? അല്ലാതെ വിഷയത്തിൽ രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നവർ വീണ്ടും മനുഷ്യത്വരഹിതമായ കുറ്റകൃത്യമല്ലെ ചെയ്യുന്നത് ?
അതേസമയം പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷം ബഹളമുണ്ടാക്കി. പ്രധാനമന്ത്രി ഇരുസഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ ഇന്ത്യ ആവശ്യപ്പെട്ടു. പാർലമെന്റ് സമ്മേളനം നടക്കുമ്പോള്‍ പ്രധാനമന്ത്രി സഭക്ക് പുറത്ത് സംസാരിച്ചത് അപമാനകരമെന്ന് മല്ലികാർജ്ജുൻ ഖർഗെ പറഞ്ഞു. മണിപ്പൂരിനെ കുറിച്ച് പാർലമെന്റിനകത്ത് സംസാരിക്കേണ്ടത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മണിപ്പൂരിലെ സാഹചര്യം എന്തെന്ന് ലോക്സഭയിലും രാജ്യസഭയിലും പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പട്ടു. പ്രധാനമന്ത്രിയുടെ പ്രതികരണം, വിഷയത്തില്‍ അടിയന്തര ചര്‍ച്ച എന്നിവയാണ് പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ആവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹ്രസ്വചര്‍ച്ച എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
അതുപോലെ തന്നെ പ്രധാനമന്ത്രി തന്നെ വിഷയത്തിൽ പ്രതികരിക്കില്ലെന്നും ആര് സംസാരിക്കണമെന്ന് കേന്ദ്ര സർക്കാർ തീരുമാനിക്കുമെന്നും സഭിയിൽ ഭരണപക്ഷം പറഞ്ഞു. ഇതിനെതിരെയും പ്രതിപക്ഷം ബഹളമുണ്ടാക്കുകയായിരുന്നു.
മാത്രമല്ല മണിപ്പൂർ കലാപം ദേശീയ രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കുമ്പോൾ മുഖം രക്ഷിക്കാൻ പാടുപെടുകയാണ് ബിജെപി. കലാപം നേരിടുന്നതിലും സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്ന ആരോപണത്തിനുമുന്നില്‍ ബി.ജെ.പി.ക്ക് വ്യക്തമായ ഒരു മറുപടി പറയാനാകുന്നില്ല..കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലാണ് ഏറ്റവും കൂടുതല്‍ ബലാത്സംഗം നടക്കുന്നതെന്ന ആരോപണം പകരമുയര്ത്തിയാണ് ബിജെപി ഇപ്പോൾ പ്രതിരോധകവചം തീര്‍ക്കുന്നത്. വിഷയം പാര്‍ലമെന്റിനകത്തും പുറത്തും ബി.ജെ.പി.ക്ക് കടുത്ത തലവേദനയാവുകയാണ്.മണിപ്പുർസംഭവം ഭീകരമാണെന്നും പാര്‍ലമെന്റില്‍ ചര്ച്ചനടക്കണമെന്നും ഒരു സ്ത്രീക്കുനേരെയും ഇത് ആവര്‍ത്തിക്കപ്പെടാൻ പാടില്ലെന്ന്ബി.ജെ.പി.യുടെ ലോക്സഭാംഗം ഹേമമാലിനി പറയുകയുണ്ടായി. എന്നാൽ സ്ത്രീകളെ ആള്‍ക്കൂട്ടത്തിന് എറിഞ്ഞുകൊടുത്തത് മണിപ്പുര്‍ പോലീസാണെന്ന ആരോപണം പ്രതിപക്ഷവും വനിതാസംഘടനകളും ഉയര്‍ത്തിയിട്ടുണ്ട്. പക്ഷപാതപരമായി പ്രവര്‍ത്തിച്ച് ക്രമസമാധാനപാലനത്തില്‍ വീഴ്ചവരുത്തിയ മുഖ്യമന്ത്രിയെ പുറത്താക്കി രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.