ഡൽഹി പച്ചക്കറി മാർക്കറ്റിൽ രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനം
രാജ്യതലസ്ഥാനത്തെ പച്ചക്കറി മാർക്കറ്റിൽ അപ്രതീക്ഷിതമായി രാഹുൽ ഗാന്ധി എത്തി. ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെയാണ് രാഹുൽ ഡൽഹിയിലെ ആസാദ്പൂർ മാർക്കറ്റിൽ എത്തിയത്. പച്ചക്കറി വിൽപനക്കാരുമായും വ്യാപാരികളുമായും സംവദിച്ച അദ്ദേഹം, വിലക്കയറ്റത്തെക്കുറിച്ചും വ്യാപാരികളുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചും ചോദിച്ചറിയുകയും ചെയ്തു. ലോറി ഡ്രൈവർമാർ, മെക്കാനിക്കുകൾ, കർഷകർ എന്നിവരുമായി രാഹുൽ നടത്തിയ കൂടിക്കാഴ്ചയുടെ വീഡിയോകൾ അടുത്തിടെ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പച്ചക്കറി വിൽപനക്കാരുമായും വ്യാപാരികളുമായുമുള്ള കൂടിക്കാഴ്ച. വാർത്താ ഏജൻസിയായ പിടിഐയാണ് അപ്രതീക്ഷിത സന്ദർശനത്തിന്റെ വീഡിയോ പുറത്തുവിട്ടത്.
രാഹുൽ ഗാന്ധിയുടെ വരവറിഞ്ഞ് വലിയ ജനക്കൂട്ടമാണ് അവിടെ തടിച്ചുകൂടിയത്. വിപണിയിലെ പച്ചക്കറി വിലയെ കുറിച്ച് രാഹുൽ ഗാന്ധി വ്യാപാരികളോട് ചോദിക്കുന്നത് വീഡിയോയിൽ കാണാം. ശനിയാഴ്ച ഡൽഹിയിലെ ആസാദ്പൂർ മാർക്കറ്റിൽ ഒരു പച്ചക്കറി കച്ചവടക്കാരൻ കണ്ണീരോടെ നിൽക്കുന്ന വീഡിയോ രാഹുൽ ഗാന്ധി തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പങ്കുവെച്ചിരുന്നു. “തക്കാളിക്ക് വില കൂടുതലാണ്, വാങ്ങാൻ പണമില്ല” എന്നാണ് പച്ചക്കറി വ്യാപാരിയായ രാമേശ്വർ ആ വീഡിയോയിൽ പറയുന്നത്.