അഫ്സാനക്ക് മർദ്ദനം; ഡിജിപിയോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ
പത്തനംതിട്ട നൗഷാദ് തിരോധാന കേസിൽ മനുഷ്യാവകാശ കമ്മീഷൻറെ ഇടപെടൽ. ഭർത്താവിനെ കൊന്ന് കുഴിച്ചിട്ടു എന്ന് പറയേണ്ടിവന്നത് പൊലീസിന്റെ മർദനത്തെ തുടർന്നാണെന്ന അഫ്സാനയുടെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ ഉത്തരവായി. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഡിജിപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സംസ്ഥാന പൊലീസ് മേധാവി 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. പൊലീസ് ക്രൂരമായി മർദ്ദിച്ചെന്നും വായിൽ പെപ്പർ സ്പ്രേ അടിച്ചെന്നും അഫ്സാന പറഞ്ഞ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒന്നര വർഷം മുന്നേ കാണാതായ നൗഷാദിനെ തൊടുപുഴയിലെ തൊമ്മൻകുത്തിൽ നിന്നും കണ്ടെത്തിയതിന് പിന്നാലെയാണ് ഭാര്യ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.