മോദിയുടെ ജന്മദിനത്തില് കോലം കത്തിച്ച് കർഷകർ നടത്തിയ പ്രതിഷേധം; ഗുജറാത്തിൽ 21 പേർക്കെതിരെ കേസ്
നരേന്ദ്രമോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ പതിനേഴിന് പ്രതിഷേധം സംഘടിപ്പിച്ച 21 കർഷകർക്കെതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തു. ഗുജറാത്തിലെ മോര്‍ബി ജില്ലയിലെ ജെറ്റ്പാറില്‍ അദാനി എനര്‍ജി സൊല്യൂഷന്‍സ് ലിമിറ്റഡിന്റെ ഹൈടെന്‍ഷന്‍ വൈദ്യുതി ട്രാന്സ്മിഷന് ലൈനുകള്‍ സ്ഥാപിക്കുന്നതിനെതിരെ കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോലവും ഇവർ കത്തിച്ചിരുന്നു. ഗതാഗതം തടസ്സപ്പെടുത്തി, ക്രിമിനല്‍ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടു, നിയമവിരുദ്ധമായി കൂട്ടം കൂടി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മോര്‍ബി ഇന്‍സ്പെക്ടര്‍ നിലേഷ് എസ് ഘേടിയയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിഷേധക്കാർക്കെതിരെ നടപടി എടുത്തത്.
പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ കോലം കത്തിച്ച് പ്രതിഷേധിച്ച 15 പേർക്കെതിരെ ഉത്തർപ്രദേശിലും കേസെടുത്തിട്ടുണ്ട്. രാജ്യത്തെ തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തർപ്രദേശിലെ പ്രതിഷേധം. ജിന്‍ജാന പൊലീസ് സ്റ്റേഷന് പരിധിയിലെ ദര്‍ഗാപൂര്‍ ഗ്രാമത്തിലായിരുന്നു സംഭവം നടന്നത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് സംഘടനയുടെ ദേശീയ അധ്യക്ഷന്‍ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഷാംലി ജില്ലാ ബിജെപി അധ്യക്ഷന്‍ സത്യേന്ദ്ര തോമര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.













