മലയാള സിനിമയില്‍ ഒരു ശക്തമായ ലോബിയുണ്ട്; എം ജയചന്ദ്രന്
തനിക്കെതിരെ മലയാള ചലച്ചിത്ര മേഖലയില്‍ ഒരു ശക്തമായ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംഗീത സംവിധായകൻ എം ജയചന്ദ്രൻ. അവര്‍ കാരണം നിരവധി ചിത്രങ്ങളില്‍ നിന്നും പലരും മാറ്റിനിര്‍ത്തിയിട്ടുണ്ടെന്നും എന്നാല്‍ തനിക്ക് സ്വന്തമായൊരു വഴിയുണ്ടെന്നും അതിലൂടെ മുന്നോട്ട് പോകുമെന്നും ജയചന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്ത് ‘മീറ്റ് ദി പ്രസ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെയും സംസ്ഥാന പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങാനുള്ള ഭാഗ്യം എനിക്കുണ്ടായി. സംഗീതത്തിന് വലിയ അദൃശ്യ ശക്തിയുള്ളതായി ഞാന്‍ വിശ്വസിക്കുന്നു. വിവാദങ്ങള്‍ക്ക് പിന്നാലെ ഞാൻ പോകുന്നില്ല. ഞാന്‍ ഒരു ലോബിയുടെയും ഭാഗമല്ല. എന്നാല്‍ സിനിമയില്‍ ഒരു ശക്തമായ ലോബിയുണ്ട്. അതിന്റെ ഭാഗമായി പല സിനിമകളില്‍ നിന്നും എന്നെ ഒഴിവാക്കിയിട്ടുണ്ട്. അടുത്തകാലത്തുപോലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. എന്നാല്‍, ഈശ്വരന്റെ ലോബി എനിക്കൊപ്പമാണ്. അതിന്റെ തെളിവാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാര നേട്ടം. സിനിമയില്‍ ഒറ്റയ്ക്ക് നടക്കുന്ന വ്യക്തിയാണ് ഞാന്‍. എനിക്കായി ഒരു പാതയുണ്ട്. അതിലൂടെ ഞാന്‍ മുന്നോട്ടു നീങ്ങും. സിനിമയില്‍ അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ ഓരോ നിമിഷവും ഞാന്‍ സ്വയം വെല്ലുവിളിച്ച് ഹിറ്റുകള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കണം’- ജയചന്ദ്രൻ പറഞ്ഞു.
ചലച്ചിത്ര പുരസ്കാര നിര്‍ണയ സമയത്ത് ജൂറി അംഗം പോലുമല്ലാത്ത അക്കാഡമി ചെയര്മാന് രഞ്ജിത്ത് ഇടപെട്ടിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും ജയചന്ദ്രന് കൂട്ടിച്ചേര്‍ത്തു.