മോദിയും സംഘവും അവതരിപ്പിക്കുന്ന അടുത്ത നാടകം…. മുസ്ലീം സ്ത്രീകള്‍ക്കും രക്ഷാബന്ധന്!
വരാനിരിക്കുന്ന രക്ഷാബന്ധന് ദിനം മുസ്ലീം സ്ത്രീകള്‍ക്കൊപ്പം ആഘോഷിക്കാനാണ് ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്ന നിർദേശം..ഹൈന്ദവ വിശ്വാസികളുടെ ഈ ആചാരം മുസ്ലീം സ്ത്രീകളോടൊപ്പം ആചരിക്കാൻ പറഞ്ഞിരിക്കുന്നത് ഹിന്ദുത്വ പ്രത്യയ ശാസ്ത്രം നാഴികയ്ക്ക് നാൽപ്പതു വട്ടം വിളിച്ചു പറയുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണെന്നതാണ് നമ്മെ അത്ഭുതപ്പെടുത്തുന്നതും…മുത്തലാഖ് നിരോധനം മുസ്ലീം സ്ത്രീകളുടെ സുരക്ഷിതത്വബോധം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന അവകാശവാദത്തോടെയാണ് മോദി ബിജെപി നേതാക്കള്‍ക്ക് രക്ഷാബന്ധന് ആഘോഷം സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. പശ്ചിമബംഗാള്‍, ഒഡിഷ, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാരെ പങ്കെടുപ്പിച്ചുകൊണ്ട് ചേര്‍ന്ന എന്‍ഡിഎ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.
സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി നിരന്തരം സംവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച മോദി രക്താബന്ധന് ദിനത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ത്രീകളുമായി ചേര്‍ന്ന് പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. എല്ലാ വര്‍ഷവും ഓഗസ്റ്റ് 30 ന് ഹിന്ദു വിശ്വാസ പ്രകാരം സഹോദര സ്നേഹത്തിന്റെ ആഘോഷമായിട്ടാണ് രക്ഷാബന്ധനെ കാണുന്നത്. സമൂഹത്തിന് മഹത്തായ സഹോദരി-സഹോദര ബന്ധം എന്ന സന്ദേശമാണ് രക്ഷാബന്ധൻ മഹോത്സവം നൽകുന്നത്. രക്ഷാബന്ധൻ ദിനത്തിലെ പ്രധാന ചടങ്ങ് രാഖിബന്ധനമാണ്. രാഖിയുടെ നൂലുകൾക്ക് അത്ഭുതശക്തിയുണ്ടെന്നാണ് വിശ്വാസം. 2019 ലാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. ഇത് പ്രകാരം മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തുന്നത് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍കുറ്റമാണ്.പുരുഷന്മാര്ക്കൊപ്പമല്ലാതെ 2023 ല്‍ നാലായിരത്തിലധികം വനിതകള്‍ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചത് വലിയൊരു പരിവര്‍ത്തനമാണെന്നും നരേന്ദ്രമോദി കഴിഞ്ഞ മന് കി ബാത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്ന സ്ത്രീകള്‍ക്കൊപ്പം പുരുഷന്മാര് ഉണ്ടായിരിക്കണമെന്നുള്ള നിബന്ധന 2018 ലാണ് പിന്‍വലിച്ചത്. ശേഷം ‘മഹ്റം’ അതൈയത് ഒപ്പം പോകുന്ന പുരുഷന് ഇല്ലാതെ ഏറ്റവുമധികം സ്ത്രീകള്‍ തീര്‍ഥാടനം നിര്‍വഹിച്ച വര്‍ഷമാണിതെന്നും, ഹജ്ജ് കര്‍മത്തിന് ശേഷം മടങ്ങിയെത്തിയ നിരവധി സ്ത്രീകളില്‍നിന്ന് തനിക്ക് കത്തുകള്‍ ലഭിച്ചതായും മോദി പറഞ്ഞിരുന്നു.
2024 പൊതുതെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാൻ താഴെ തട്ടിൽ പ്രവർത്തിച്ച് പസ്മാന്ദ മുസ്ലിംകളിലേക്കും ബൊഹ്റ മുസ്ലിംകളിലേക്കും പ്രത്യേകം ഇറങ്ങിച്ചെല്ലാനായിരുന്നു മോദിയുടെ ആഹ്വാനം. രാജ്യത്ത് ഏറ്റവും കൂടുതൽ മണ്ഡലങ്ങളുള്ള ഉത്തർപ്രദേശിലും തന്റെ തട്ടകമായ ഗുജറാത്തിലും ഒരു മുസ്ലിം സ്ഥാനാർഥിക്കുപോലും ടിക്കറ്റ് നൽകാതെയും അധികാരം പിടിക്കാനറിയാമെന്ന് തെളിയിച്ച ശേഷം മോദി ഇത്തരമൊരു ആഹ്വാനം നടത്തുന്നത് എന്തിനായിരിക്കും?
അയോധ്യയിൽ കർസേവകർ ബാബരി മസ്ജിദ് തകർത്ത സ്ഥാനത്ത് രാമക്ഷേത്രം യാഥാർഥ്യമാകാനിരിക്കുകയാണ് മോദി സർക്കാർ. കാശിയിലും മഥുരയിലും നിലവിൽ പള്ളികളുള്ള സ്ഥലത്ത് സമാന ക്ഷേത്ര നിർമാണ നീക്കങ്ങളുമായി ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ഹിന്ദുരാഷ്ട്ര നിർമിതിക്ക് അവസാന കടമ്പയായേക്കാവുന്ന കോടതികളെ കൂടി വരുതിയിലാക്കാനുള്ള ശ്രമങ്ങളും തീവ്രമായി നടക്കുന്നു… ഹിന്ദുവോട്ടുബാങ്ക് ഉറപ്പാനാവുന്നതെല്ലാം ഇത്തരത്തിൽ ചെയ്തുകഴിഞ്ഞു.
മറുഭാഗത്ത് പൗരത്വ ഭേദഗതി നിയമ ചട്ടങ്ങളും ഏക സിവിൽകോഡും കാണിച്ച് പേടിപ്പിച്ചും മുസ്ലിം ന്യൂനപക്ഷം നിർണായകമായ മേഖലകളിൽ കൂട്ടത്തോടെ കുടിയൊഴിപ്പിച്ചും കൈയേറ്റങ്ങളുടെ പേരിൽ വാസസ്ഥലങ്ങൾ പൊളിച്ചുനീക്കിയും മുസ്ലിം ഭൂരിപക്ഷ ജില്ലകളില്ലാതാക്കിയും മണ്ഡല പുനർ നിർണയത്തിലൂടെ സമവാക്യങ്ങൾ മാറ്റിമറിച്ചും വോട്ടർമാർ ബൂത്തിലെത്തുന്നത് തടഞ്ഞും അവരുടെ രാഷ്ട്രീയ വിലപേശലിനുള്ള ശക്തി അനുദിനം ക്ഷയിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
അങ്ങനെ അന്യവത്കരിച്ചും ഭീതിയിലാക്കിയും രാഷ്ട്രീയമായി എതിർപക്ഷത്താക്കിയ ഒരു സമുദായത്തിലെ ചില വിഭാഗങ്ങളെ മാത്രം എടുത്തുപറഞ്ഞ് അവരിലേക്ക് ചെല്ലണമെന്നാണ് പ്രധാനമന്ത്രി പാർട്ടി നേതാക്കളോടും പ്രവർത്തകരോടും പറഞ്ഞിരിക്കുന്നത്. ഹിന്ദുത്വംകൊണ്ട് ബി.ജെ.പിക്ക് നേടാവുന്ന വോട്ടുകൾ അതിന്റെ പൂരിതാവസ്ഥയിലെത്തിയിരിക്കുന്നുവെന്ന് പ്രതിപക്ഷത്തേക്കാൾ പ്രധാനമന്ത്രി മനസ്സിലാക്കിയിരിക്കുന്നു. 2024ൽ പ്രധാനമന്ത്രിയും ബി.ജെ.പിയും കൊതിക്കുന്ന ഹാട്രിക് വിജയത്തിന് ഹിന്ദുത്വ കാർഡ് മാത്രം മതിയാകില്ല എന്നാണ് ഇതും കാണിക്കുന്നത്.
ഹിന്ദുക്കളുടെ പ്രധാനമന്ത്രി എന്ന വിമർശനം വേട്ടയാടുന്ന നരേന്ദ്രമോദിയാണ് ഹിന്ദുക്കളുടെ വളരെ പ്രധാനമായ ഒരു ആചാരം മുസ്ലീം യുവതികളോടൊപ്പെം ആചരിക്കാൻ നിർദേശിക്കുന്നത്. ഇത് വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ലക്ഷ്യമിട്ടുള്ള മോദി തന്ത്രമാണെന്ന് നിസംശയം പറയാം..