ശ്വാസതടസവുമായി ആശുപത്രിയിലായി; ഓക്സിജൻ മാസ്കിന് പകരം ലഭിച്ചത് ചായക്കപ്പ്
ശ്വാസതടസം നേരിട്ട് ആശുപത്രിയിലെത്തിച്ച കുട്ടിക്ക് ഓക്സിജൻ മാസ്കിന് പകരം നൽകിയത് പേപ്പർ കൊണ്ടുളള ചായക്കപ്പ്. ചെന്നൈ കാഞ്ചീപുരം ഉതിരമേരൂർ സർക്കാർ ആശുപത്രിയിലായിരുന്നു സംഭവം. ശനിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തായതോടെ സംസ്ഥാന സർക്കാർ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
സ്കൂളിൽ വെച്ചാണ് കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടത്. അദ്ധ്യാപകർ അറിയിച്ചത് അനുസരിച്ച് കുട്ടിയുടെ പിതാവ് സ്കൂളിലെത്തി. പിന്നീട കുട്ടിയെ ആശുപത്രിയിലാക്കി. പരിശോധനയ്ക്ക് ശേഷം ഓക്സിജൻ തെറാപ്പിക്ക് ഡോക്ടർമാർ നിർദ്ദേശിച്ചു. പ്രത്യേക തരത്തിലുളള നേസൽ മാസ്കുകളാണ് ഓക്സിജൻ തെറാപ്പിയിൽ ഉപയോഗിക്കേണ്ടത്. ഈ മാസ്കുകളുടെ ഇരുവശങ്ങളിലായി കാർബൺ ഡൈ ഓക്സൈഡ് പുറന്തളളാനുളള ചെറിയ ദ്വാരം ഉൾപ്പെടെ ഉണ്ടാകും. മാസ്ക് സ്ഥാനം തെറ്റാതിരിക്കാൻ ഇലാസ്റ്റിക്കും ഘടിപ്പിച്ചിരിക്കും. ഈ സ്ഥാനത്താണ് ചായക്കപ്പ് വെച്ച് അഡ്ജസ്റ്റ് ചെയ്യാൻ ആശുപത്രി ജീവനക്കാർ നിർദ്ദേശിച്ചത്.
പേപ്പർ കൊണ്ടുളള ചായക്കപ്പിൽ ദ്വാരമുണ്ടാക്കി ഓക്സിജൻ ട്യൂബ് ഘടിപ്പിച്ച് ശ്വാസമെടുക്കുന്ന കുട്ടിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആശുപത്രിയിൽ ഇത് കണ്ട സായ് ശ്രേയാൻ എന്നയാളാണ് ദൃശ്യങ്ങൾ പകർത്തിയത്. പേപ്പർ കപ്പ് മൂക്കിലും വായയിലും ചേർത്ത് വെയ്ക്കാനും അസ്വസ്ഥത തോന്നുമ്പോൾ മാറ്റാനുമായിരുന്നു ആശുപത്രി ജീവനക്കാരുടെ നിർദ്ദേശം. എന്തുകൊണ്ടാണ് നേസൽ മാസ്കുകൾ നൽകാത്തത് എന്ന് ചോദിച്ചെങ്കിലും കൃത്യമായ മറുപടി ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ ഡോക്ടർമാർക്കും നൽകാനായില്ല.
മാദ്ധ്യമങ്ങളിൽ വാർത്തയായതോടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പ്രതികരിക്കാതെ മുങ്ങി. സംഭവത്തിൽ അന്വേഷണം നടത്തി ഉചിതമായ നടപടിയെടുക്കാൻ നിർദ്ദേശിച്ചതായി കാഞ്ചീപുരം ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചിട്ടുണ്ട്.