സത്യം ജയിച്ചു, രാജ്യത്തിന്റേയും ജനാധിപത്യത്തിന്റേയും വിജയം; വി ഡി സതീശന്
‘മോദി’പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി വിധിയിലൂടെ സത്യം ജയിച്ചുവെന്ന് സംസ്ഥാന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഇന്ത്യ കാത്തിരുന്ന വിധിയാണിതെന്നും രാഹുലിന്റേയോ കോണ്‍ഗ്രസിന്റേയോ മാത്രം വിജയമല്ല, രാജ്യത്തിന്റേയും ജനാധിപത്യത്തിന്റേയും വിജയമാണെന്നും ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ സതീശൻ പ്രതികരിച്ചു. ഭരണഘടനയിലും നിയമ വ്യവസ്ഥയിലും നിയമവാഴ്ചയിലും ഞങ്ങള്‍ക്കെന്നും വിശ്വാസമുണ്ടെന്നും വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരെ കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
‘മോദി’ പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധിയാണ് സുപ്രീം കോടതി ഇപ്പോൾ സ്റ്റേ ചെയ്തത്. സൂറത്ത് കോടതി വിധിക്കെതിരെ രാഹുല്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി. അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് വിധിച്ചതോടെ എംപി സ്ഥാനം നഷ്ടമായിരുന്നു. സുപ്രീംകോടതിയുടെ അനുകൂല വിധിയോടെ രാഹുലിന്റെ അയോഗ്യത നീങ്ങി എംപി സ്ഥാനം ഇനി തിരികെ ലഭിക്കും.
2019 ഏപ്രിലിലാണ് കര്‍ണാടകയിലെ കോലാറിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍, ‘മോഷ്ടാക്കള്‍ക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്?’ എന്ന കേസിനാസ്പദമായ പരാമര്‍ശം രാഹുല്‍ ഗാന്ധി നടത്തിയത്. ഗുജറാത്തിലെ മുൻ മന്ത്രി പൂര്‍ണേഷ് മോദി നല്കിയ പരാതിയില്‍ മാര്‍ച്ച് 23ന് സൂറത്ത് മജിസ്ട്രേട്ട് കോടതി രാഹുലിന് 2 വര്‍ഷം തടവും പിഴയും വിധിച്ചിരുന്നു. ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ജില്ലാ കോടതിയേയും ഗുജറാത്ത് ഹൈക്കോടതിയേയും സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.