അടുത്ത തെരഞ്ഞെടുപ്പിലും വിജയിക്കുമെന്ന ആത്മ വിശ്വാസമാണ് ബി.ജെ.പിക്ക്; മമത ബാനര്‍ജി
പ്രതിപക്ഷ സഖ്യമായ ഇൻഡ്യയെ കളിയാക്കിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് മറുപടിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്തിന്റെ താല്പര്യത്തിന് അനുകൂലമായ സഖ്യമാണിതെന്ന് മമത ബാനര്‍ജി പറഞ്ഞു. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ആത്മവിശ്വാസമാണ് ബി.ജെ.പിക്കെന്നും ബി.ജെ.പി കലാപം പ്രോത്സാഹിപ്പിക്കുകയാണെന്നും മമത ബാനര്‍ജി ആരോപിച്ചു.
”ഞങ്ങളുടെ സഖ്യം പുതിയതാണ്. രാജ്യത്തുടനീളം ഞങ്ങള്‍ക്ക് സാന്നിധ്യമുണ്ട്. തീര്‍ച്ചയായും ഡല്‍ഹിയിലും ഇൻഡ്യ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കും. ഡല്‍ഹിയാണ് ഞങ്ങളുടെ പാര്‍ലമെന്റ്. അദ്ദേഹം കരുതിക്കൂട്ടിയാണോ അതോ അറിയാതെയാണോ ഇക്കാര്യം പറഞ്ഞത് എന്നറിയില്ല.”-മമത പറഞ്ഞു. രാജ്യത്തെ ദുരിതങ്ങളില്‍ നിന്നും സാമുദായിക കലാപങ്ങളില്‍ നിന്നും തൊഴിലില്ലായ്മയില്‍ നിന്നും സംരക്ഷിക്കാൻ ഇൻഡ്യ സഖ്യം വിജയിക്കണമെന്നും മമത പറഞ്ഞു.
പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഡല്‍ഹി ഭരണനിയന്ത്രണ ബില്‍ കഴിഞ്ഞ ദിവസം ലോക്സഭാ ശബ്ദവോട്ടോടെ പാസാക്കിയിരുന്നു. ബില്ലിന്റെ കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എ.എ.പിയെ പിന്തുണക്കരുതെന്ന് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. നിങ്ങള്‍ ഒരു സഖ്യത്തിലായതുകൊണ്ട് മാത്രം ഡല്‍ഹിയില്‍ നടക്കുന്ന എല്ലാ അഴിമതികളെയും പിന്തുണക്കരുതെന്ന് പാര്‍ട്ടികളോട് ഞാൻ അഭ്യര്‍ഥിക്കുന്നു. കാരണം സഖ്യമുണ്ടായാലും പ്രധാനമന്ത്രി മോദി തെരഞ്ഞെടുപ്പില്‍ മുഴുവൻ ഭൂരിപക്ഷത്തോടെ വിജയിക്കും.-എന്നായിരുന്നു അമിത് ഷാ പറഞ്ഞത്.