ബി.ജെ.പി ഗുജറാത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജിവെച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാൻ ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ ബി.ജെ.പി ഗുജറാത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ്സിൻഹ വഗേല രാജിവെച്ചു. കുറച്ച് ദിവസത്തിനുള്ളില്‍ എല്ലാം ശരിയാകുമെന്ന പ്രസ്താവനയോടെയാണ് വഗേല രാജി സമർപ്പിച്ചത്. 2016 ആഗസ്റ്റ് 10 മുതല്‍ വഗേല പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തുടരുകയാണ്.
സംസ്ഥാന പ്രസിഡന്റ് സി.ആര് പാട്ടീലിനെതിരെ ദക്ഷിണ ഗുജറാത്തില്‍ നിന്ന് വിമത നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വഗേലക്കും ഇതില്‍ പങ്കുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. നേരത്തെ ദക്ഷിണ ഗുജറാത്തില്‍ നിന്നും ക്രൈംബ്രാഞ്ച് മൂന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാന പ്രസിഡന്റിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.
ലോക്സഭാ തെരഞ്ഞെടുപ്പ് 2024ല്‍ നടക്കാനിരിക്കെയാണ് രാജിയെന്നത് ശ്രദ്ധേയമാണ്. ഗുജറാത്തില്‍ ബി.ജെ.പി മഹാ ജൻസമ്പർക്ക് അഭിയാൻ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജനറല്‍ സെക്രട്ടറിയുടെ രാജി. ഗുജറാത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള ജനങ്ങളെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്തിയത്. ഇത്തരത്തില്‍ 100ഓളം പരിപാടികളാണ് ബി.ജെ.പി സംഘടിപ്പിച്ചത്. ഇതിനൊപ്പം ലോക്സഭാ മണ്ഡലങ്ങളില്‍ റാലിയും ബി.ജെ.പി നടത്തിയിരുന്നു.