‘ചുട്ടകോഴിയെ പറപ്പിക്കുന്ന കേരള മന്ത്രവാദി’യെ ചോദ്യം ചെയ്തു
തമിഴ്നാട് തേനിയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത ദുര്‍മന്ത്രവാദക്കേസില്‍ മന്ത്രവാദി ചമഞ്ഞ പുളിക്കീഴ് സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
നേരത്തെ കള്ളനോട്ട് കേസിലെ പ്രതിയായിരുന്ന പരുമല സ്വദേശി ചെല്ലപ്പനെയാണ് പുളിക്കീഴ് പൊലീസ് ഇന്നലെ രാത്രി ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് ഉത്തമപാളയം പൊലീസിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ‘ചുട്ടകോഴിയെ പറപ്പിക്കുന്ന കേരള മന്ത്രവാദി’ യെന്നാണ് കൂടോത്രം ചെയ്യാനെത്തുന്നവര്‍ ഇയാളെ പരിചയപ്പെടുത്തിയിരുന്നത്. മന്ത്രവാദി ചമഞ്ഞ് പൂജകള്‍ ചെയ്ത് സാമഗ്രികള്‍ കൈമാറിയതിനാണ് ചെല്ലപ്പന് പിടിയിലായത്.
കേരളത്തില്‍നിന്ന് പോയ കാറില്‍ നിന്ന് ദുര്‍മന്ത്രവാദം ചെയ്ത് പാത്രത്തില്‍ അടച്ചിട്ട നാവ്, കരള്‍, ഹൃദയം തുടങ്ങിയ ശരീരഭാഗങ്ങള്‍ ഇന്നലെ തേനി ഉത്തമപാളയം പൊലീസ് കണ്ടെടുത്തിരുന്നു. ആദ്യം മനുഷ്യന്റെതാണെന്ന് കരുതിയിരുന്ന ഇവ ആടിന്റെതാണെന്ന് പിന്നീട് പരിശോധനയിൽ തെളിഞ്ഞു. സംഭവത്തില്‍ കാറിലുണ്ടായിരുന്ന രണ്ടു പേരെ ഉത്തമപാളയം പൊലീസ് പിടികൂടി. ഇവരുടെ മൊഴിപ്രകാരം ജയിംസ് സ്വാമി എന്നയാളാണ് കൂടോത്രം കൈമാറിയതെന്ന് പൊലീസ് കണ്ടെത്തി.
തുടര്‍ന്ന് ജയിംസ് സ്വാമിയെ ചോദ്യം ചെയ്തപ്പോഴാണ് ചെല്ലപ്പനിലേക്കെത്തുന്നത്. തമിഴ്നാട്ടില്‍ ദുര്‍മന്ത്രവാദവും കൂടോത്രവും ചെയ്ത് തട്ടിപ്പ് നടത്തി വരുന്നയാളാണ് ജയിംസ്. ചെല്ലപ്പനെ കാണിച്ചാണ് ഇയാള്‍ നാട്ടുകാരെ പറ്റിച്ചിരുന്നത്. ചുട്ടകോഴിയെ പറപ്പിക്കുന്ന കേരള മന്ത്രവാദിയെന്നാണ് ചെല്ലപ്പനെ പരിചയപ്പെടുത്തിയിരുന്നത്. ഇയാള്‍ വണ്ടിപ്പെരിയാറില്‍ വച്ച് പൂജകള്‍ ചെയ്ത് കൂടോത്രം കൈമാറുകയാണ് ചെയ്യുന്നത്. അതിനുള്ള പണം പൂജയ്ക്ക് വരുന്നവരില്‍ നിന്ന് നേരിട്ട് വാങ്ങും. ഒരു വിഹിതം ഇരകളെ എത്തിക്കുന്ന ജയിംസ് സ്വാമിക്ക് കൊടുത്ത ശേഷം ബാക്കി ചെല്ലപ്പന് പോക്കറ്റിലാക്കും. ഇങ്ങനെ ചെല്ലപ്പന് ചെയ്തു കൊടുത്ത കൂടോത്രവുമായി പോയവരാണ് ഉത്തമപാളയത്ത് പൊലീസ് പിടിയിലായത്.
നിലവില്‍ കേസില്‍ ചെല്ലപ്പൻ പ്രതി അല്ലാത്തതിനാല്‍ ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ രാത്രി 11 മണിയോടെ ഇയാളെ വിട്ടയച്ചു. വിശദമായ ചോദ്യം ചെയ്യലിനായി അടുത്ത ദിവസം ഉത്തമ പാളയം പൊലീസ് സ്റ്റേഷനില്‍ ഹാജരാകാൻ ചെല്ലപ്പനോട് തമിഴ്നാട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.