ബില്‍ക്കിസ് ബാനു കേസ് : സുപ്രീം കോടതിയിൽ അന്തിമവാദം തുടങ്ങി
ബില്‍ക്കിസ്ബാനു കേസിലെ കുറ്റവാളികള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ ശിക്ഷയിൽ ഇളവ് നല്കി മോചിപ്പിച്ചത് ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി അന്തിമവാദം തുടങ്ങി. മുസ്ലിമുകളെ വേട്ടയാടി കൊലപ്പെടുത്തുന്ന രക്തദാഹികളെ പോലെയാണ് കേസിലെ പ്രതികള്‍ പെരുമാറിയതെന്ന് ബില്ക്കിസ്ബാനുവിനുവേണ്ടി ഹാജരായ അഡ്വ. ശോഭാഗുപ്ത ചൂണ്ടിക്കാണിച്ചു.
ഗര്‍ഭിണിയായ ബില്ക്കിസ്ബാനുവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഒരു കുഞ്ഞിനെ പാറയില്‍ അടിച്ച് കൊലപ്പെടുത്തി. താൻ നിങ്ങളുടെ സഹോദരിയെ പോലെയാണെന്നും, ആക്രമിക്കരുതെന്നും ബില്‍ക്കിസ്ബാനു കേണപേക്ഷിച്ചിട്ടും വകവച്ചില്ല. സ്വാതന്ത്ര്യദിനത്തിന് കുറ്റവാളികള്‍ക്ക് ശിക്ഷാഇളവ് നല്കി പുറത്തുവിട്ടപ്പോള്‍ ജയിലിന് പുറത്തെ ആഘോഷം കണ്ടാണ് ബില്‍ക്കിസ്ബാനു ഇവരുടെ മോചനകാര്യം അറിഞ്ഞത് – അഭിഭാഷക പറഞ്ഞു. ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്വല്‍ ഭുയാൻ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് മുമ്പാകെ വാദംകേള്‍ക്കല്‍ ഇന്ന് തുടരും.