മദ്യനയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് വി.എം.സുധീരന് മുഖ്യമന്ത്രിക്ക് കത്ത് നല്കി
സര്‍ക്കാരിന്റെ മദ്യനയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നല്കി. സര്‍ക്കാരിന്റെ മദ്യവ്യാപന നയവും മയക്കുമരുന്നുള്‍പ്പെടെയുള്ള മറ്റ് ലഹരിവസ്തുക്കളുടെ വിതരണവും വിപണനവും ഫലപ്രദമായി തടയുന്നതിലെ അതിഗുരുതര വീഴ്ചയും കേരളത്തെ സര്‍വനാശത്തിലേക്കാണ് നയിക്കുകയാണെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
കുറ്റകൃത്യങ്ങള്‍ വൻതോതില്‍ വര്‍ധിക്കുന്നതിലും പുത്തൻ കുറ്റവാളികളെ സൃഷ്ടിക്കുന്നതിലും മദ്യവും മറ്റുലഹരിവസ്തുക്കളും നിര്‍ണായക പങ്കാണ് വഹിക്കുന്നത്. നാടിനെ നടുക്കിയ ആലുവയിലെ പിഞ്ചുബാലികയെ അതിക്രൂരമായി കൊലപ്പെടുത്തിയ കുറ്റവാളിയും, ജനങ്ങളുടെ തീരാവേദനയായി മാറിയ ഡോ.വന്ദനയുടെ ജീവനെടുത്ത കൊലയാളിയും തുടര്‍ന്നും നടന്ന ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അതിക്രമങ്ങളിലെ അക്രമകാരികളും മദ്യലഹരിയുടെ അടിമകളായിരുന്നു. സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും ഉറ്റസ്നേഹിതരെയും വരെ മദ്യലഹരിയില്‍ കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ചു.
കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വൻതോതില്‍ വ്യാപകമായതിലും ക്വട്ടേഷൻ-ഗുണ്ടാ മാഫിയാ സംഘങ്ങള്‍ പെരുകിയതിലും മദ്യത്തിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും ദുസ്വാധീനമുണ്ട്. വിനോദ സഞ്ചാരമേഖലയെ മദ്യനിയന്ത്രണം തളര്‍ത്തുമെന്ന വാദവും വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഫലമായി കേവലം 29 ബാറുകള്‍ മാത്രം പ്രവര്‍ത്തിക്കുകയും മറ്റെല്ലാ ബാറുകളും അടഞ്ഞുകിടന്നിരുന്നതുമായ കാലത്തെ ടൂറിസ്റ്റുകളുടെ വരവും ടൂറിസത്തില്‍നിന്നുള്ള വരുമാനവും ടൂറിസ്റ്റ് വകുപ്പിന്റെ കണക്കുകളില്‍ത്തന്നെ വ്യക്തമാണ്.
ഈ വസ്തുതകളെല്ലാം കണക്കിലെടുത്ത് നാടിന്റെയും ജനങ്ങളുടെയും നന്മക്കും പുരോഗതിക്കുമായി പിണറായി സര്‍ക്കാര്‍ അനുവര്‍ത്തിച്ചുവരുന്ന തെറ്റായ മദ്യനയത്തില്‍ നിന്നും പിന്മാറണം – സുധീരൻ കത്തിൽ പറയുന്നു.