പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: തീയതി മാറ്റണമെന്ന് കോണ്‍ഗ്രസും സിപിഎമ്മും
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും സിപിഎമ്മും രംഗത്ത്. മണര്‍കാട് പള്ളി പെരുന്നാള്‍ കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടര്‍ക്കും അപേക്ഷ നല്‍കിയതായി അയര്‍ക്കുന്നം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ കെ രാജു അറിയിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടുവരെ ദൂരെ സ്ഥലങ്ങളില്‍ നിന്നുവരെ ധാരാളം ആളുകള്‍ മണര്‍കാട് പള്ളിയിലേക്ക് എത്തിച്ചേരും.
അതുകൊണ്ട് വലിയ തിരക്കാകും ഈ ദിവസങ്ങളില്‍ മണര്‍കാട് അനുഭവപ്പെടുക. നാലു പോളിങ് സ്റ്റേഷനുകള്‍ മണര്‍കാട് പള്ളിക്ക് സമീപമുള്ള സ്കൂളിലാണ് പ്രവര്‍ത്തിക്കുന്നത്. പെരുന്നാള്‍ ദിനത്തില്‍ തെരഞ്ഞെടുപ്പ് നടത്തുക ശ്രമകരമായ ദൗത്യം ആകുമെന്നും കോണ്‍ഗ്രസ് ബ്ലോക്ക് നേതാക്കള്‍ പറയുന്നു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി പുനഃപരിശോധിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു. ഇലക്ഷന് കമ്മീഷന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് യാന്ത്രികമായിട്ടാണ്. ലിസ്റ്റില്‍ പേരു ചേര്‍ത്ത പലര്‍ക്കും വോട്ടു ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. പൗരന്റെ ജനാധിപത്യ അവകാശം നിഷേധിക്കുന്ന സാഹചര്യമാണ്. അതിനാല്‍ തീയതി പുനഃപരിശോധിക്കണമെന്ന് ജില്ലാ സെക്രട്ടറി എ വി റസല്‍ ആവശ്യപ്പെട്ടു.