കനത്ത മഴ; ഉത്തരാഖണ്ഡില്‍ മരണസംഖ്യ വര്‍ധിക്കുന്നു
ഉത്തരാഖണ്ഡില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരണസംഖ്യ 9 ആയി. മണ്ണിടിഞ്ഞാണ് ഭൂരിഭാഗം അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ഗൗരികുണ്ഡില്‍ കുടിലിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ പെയ്ത കനത്ത മഴയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. അമര്‍നാഥ് യാത്രയുടെ ബേസ് ക്യാമ്പ് ആണ് ഗൗരികുണ്ഡ്. അവിടുത്തെ ഹെലിപാഡിനടുത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. നാല് പേരടങ്ങുന്ന കുടുംബം താമസിക്കുന്ന കുടിലിന്റെ മുകളിലേക്കാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. സംഭവത്തില്‍ 8 വയസ്സുള്ള ഒരു കുട്ടി രക്ഷപ്പെടുകയും അഞ്ച് വയസ്സുള്ള ഒരു കുട്ടിയും, മറ്റൊരു ചെറിയ കുട്ടിയും മരിച്ചതായും റിപ്പോര്‍ട്ടുകൾ പറയുന്നു.
വ്യത്യസ്ത അപകടങ്ങളില്‍ 9 പേരാണ് ഉത്തരാഖണ്ഡില്‍ മരിച്ചത്. ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് നാല് പേര് മരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ വലിയ പരിശ്രമത്തിലൂടെയാണ് പുറത്തെടുത്തത്. കഴിഞ്ഞ ഒരാഴ്ചയായി കനത്ത മഴയാണ് ഉത്തരാഖണ്ഡില്‍ പെയ്യുന്നത്. വര്‍ദ്ധിച്ചുവരുന്ന പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പുഷ്കര്‍ സിങ് ദമി സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയും കനത്ത ജാഗ്രത പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.













