അടിയേറ്റ് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് നേതാവ് മരിച്ചു, മൂന്നുപേര്‍ കസ്റ്റഡിയില്‍
കോണ്‍ഗ്രസ് നേതാവ് അടിയേറ്റ് മരിച്ചു. കര്‍ഷക കോണ്‍ഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിഡന്റായിരുന്ന കാട്ടാക്കട തൂങ്ങാംപാറ സ്വദേശി സാം ജെ വല്‍സലമാണ് മരിച്ചത്. കുടുംബതര്‍ക്കത്തെ തുടര്‍ന്ന് ഇന്നലെയാണ് സാമിന് അടിയേറ്റത്.
ഇന്നലെ കാഞ്ഞിരംകുളത്ത് വച്ചായിരുന്നു സംഭവം. സാമും കുടുംബാംഗങ്ങളുമായി മുൻപും വഴക്കുണ്ടായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു ഇന്നലത്തെ സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് തര്‍ക്കത്തിലും ആക്രമണത്തിലും കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. അടിയേറ്റ് ചികിത്സയിലായിരുന്ന സാം ഇന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. സംഭവത്തില്‍ സാമിന്റെ ബന്ധുക്കളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു.