ജെയിലറിൽ നിന്ന് മമ്മൂട്ടി പിന്മാറിയതിന് പിന്നിൽ എന്ത് ? മമ്മൂട്ടിയാണോ വിനായകനോണോ മികച്ച വില്ലൻ
തലൈവർ ഒരു തടവൈ സൊന്നാ അത് നൂറായിരം തടവൈ സൊന്നാൽ മാതിരി താൻ എന്ന് മനസ്സിലാക്കിയിട്ടില്ലാത്തവർ ജെയ്ലർ സിനിമ കാണണ്ട എന്ന് തന്നെയാണ് സംവിധായകൻ നെൽസൺ ദിലീപ് കുമാർ പറഞ്ഞു വയ്ക്കുന്നത്. ആ പഴയ രജനിയെ ഓർമയുള്ള, ഇഷ്ടമുള്ള ആളുകൾ മാത്രം ഈ ചിത്രം കണ്ടാൽ മതി എന്നർഥം. സിനിമയെന്നാൽ ഇത്തിരി യുക്തിയും ഒരിത്തിരി സ്വാഭാവികതയും കാര്യകാരണങ്ങളും, കണക്ട് ചെയ്യുന്ന കഥയും കഥാപരിസരങ്ങളും വേണമെന്നു കരുതുന്ന പുത്തൻ പ്രേക്ഷകനെ കണ്ടല്ല ജയിലർ തയാറാക്കിയത്.
48 വർഷമായി തലമുറകളെ ത്രസിപ്പിച്ച നമ്പറുകൾ മാറ്റിപ്പിടിക്കാൻ സൂപ്പർ സ്റ്റാറിന് ഒട്ടും താൽപര്യമില്ല. അതു ഞങ്ങൾക്കും പിടിക്കും എന്നാണു പ്രേക്ഷകർ രജനിയോട് തിയറ്ററിൽ പറയുന്നത് ‘വിക്രം’സിനിമയിലൂടെ കമലഹാസൻ ചെയ്തതു പോലെ ജെയിലറിലൂടെ രജനീകാന്തും പ്രേക്ഷകരെ തിരിച്ചു പിടിച്ചിരിക്കുന്നു. രാഷ്ട്രീയത്തിലിറങ്ങി കാലിടറിയത് കമലിനെയും, രാഷ്ട്രീയത്തിലേക്ക് എടുത്തു വച്ച കാൽ പിൻവലിച്ചത് രജനിയെയും കൂടുതൽ കരുത്തരാക്കിയിരിക്കുന്നു, കുറച്ചു കാലത്തേക്കെങ്കിലും എന്ന് നിസംശയം പറയാം
അതെ നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തിയ ‘ജയിലർ’ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ ബോക്സ് ഓഫീസിൽ ഗംഭീര കളക്ഷനാണ് ചിത്രം നേടുന്നത്. മാത്രമല്ല ജയിലറിലേക്ക് വന്നാൽ രജനി മാത്രമായിരുന്നില്ല, മോഹൻലാലും ശിവരാജ്കുമാറും ജാക്കി ഷ്റോഫുമെല്ലാം തകർത്താടിപ്പോൾ അപ്പുറത്ത് വിനായകന്റെ ഒറ്റയാൾ പോരാട്ടമായിരുന്നു നമ്മൾ കണ്ടത്.. ചിത്രത്തിൽ സംവിധായകൻ നെൽസൺ വില്ലനായി വിനായകന് പകരം ആദ്യം മനസിൽ കണ്ടത് മമ്മൂട്ടിയെ ആയിരുന്നു എന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ വസന്ത് രവി. സിനിമയിൽ സംവിധായകൻ നെൽസൺ വില്ലനായി ആദ്യം മനസിൽ കണ്ടത് മമ്മൂട്ടിയെ തന്നെയായിരുന്നുവെന്ന് വസന്ത് രവി പറഞ്ഞു. ചിത്രത്തിന്റെ സെറ്റിൽവെച്ച് രജനികാന്ത് ആണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും വസന്ത് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ജയിലറിൽ രജനിയുടെ മകന്റെ കഥാപാത്രത്തെയാണ് വസന്ത് അവതരിപ്പിച്ചത്. ഇപ്പോഴിതാ ജയിലറിൽ നിന്ന് മമ്മൂട്ടി പിൻമാറിയതല്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകൻ നെൽസൺ ദിലീപ് കുമാറും രജനീകാന്തും. ആദ്യം മമ്മൂട്ടിയെ വില്ലനാക്കാമെന്ന് തീരുമാനിച്ചെങ്കിലും കഥാപാത്രത്തിന്റെ സ്വഭാവവും പശ്ചാത്തലവും പരിഗണിച്ചപ്പോൾ അത്തരമൊരു കഥാപാത്രത്തിലേക്ക് മമ്മൂട്ടിയെ വിളിക്കുന്നത് ശരിയല്ലെന്ന് തോന്നിയെന്നാണ് രജനീകാന്തും നെൽസണും വെളിപ്പെടുത്തിയത്.മാത്രമല്ല , മമ്മൂട്ടിയെ വില്ലനാക്കിയാൽ ആക്ഷൻ രംഗങ്ങളിൽ ഉൾപ്പെടെ നായകനും പരിമിതികൾ ഉണ്ടാകും. അത്തരം പരിമിതികളെ കുറിച്ച് ആലോചിച്ചപ്പോൾ രജനീകാന്തും നെൽസണും തമ്മിൽ സംസാരിച്ച് മമ്മൂട്ടിക്ക് പകരം മറ്റൊരാളെ കണ്ടെത്താമെന്ന് തീരുമാനിക്കുകയായിരുന്നു. സാഹചര്യം ബോധ്യപ്പെടുത്തിയപ്പോൾ മമ്മൂട്ടി തന്നെയാണ് വിനായകനെ നെൽസണ് പരിചയപ്പെടുത്തിയത്. അതിന് ശേഷമാണ് വിനായകന്റെ സിനിമകൾ കണ്ടതെന്ന് നെൽസൺ പറയുന്നു . മമ്മൂട്ടിയും രജനീകാന്തും ഒരുമിക്കുന്ന മറ്റൊരു ചിത്രം ആലോചനയിലുണ്ടെന്നും നെൽസൺ വ്യക്തമാക്കി. എന്നാൽ ഓഡിഷനിഷലടക്കം പങ്കെടുത്ത ശേഷം അവസാനനിമിഷം മമ്മൂട്ടി പിൻമാറിയ ഒരു തമിഴ് ചിത്രമുണ്ട്, മണിരത്നം സംവിധാനം ചെയ്ത എവർ ഗ്രീൻ പൊളിറ്റിക്കൽ ഡ്രാമ ഇരുവർ.. 1997 ൽ പുറത്തിറങ്ങിയ ഇരുവറിൽ എംജിആറായി മോഹൻലാലിനേയും കരുണാനിധിയായി മമ്മൂട്ടിയേയും അവതരിപ്പിക്കാനായിരുന്നു മണിരത്നത്തിന്റെ തീരുമാനം. ഇതിനായി മണിരത്നം മമ്മൂട്ടിയുടെ സ്ക്രീൻ ടെസ്റ്റും ഓഡിഷനും നടത്തി. കരുണാനിധിയെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തിയ തമിഴ് ശെൽവനാകാൻ, ഗെറ്റപ്പിലും മാനറിസത്തിലും മമ്മൂട്ടിക്ക് സാധിക്കുമെന്ന് മണിരത്നം ഉറപ്പിച്ചു.എന്നാൽ രാഷ്ട്രീയ പ്രവർത്തകൻ എന്നതിലുപരി കവിയും കാവ്യാത്മകമായി സെന്തമിഴ് സംസാരിക്കുകയും ചെയ്യുന്ന തമിഴ് ശെൽവനാകാൻ മമ്മൂട്ടി വിസമ്മതിച്ചു. ആ കഥാപാത്രത്തോട് നീതിപുലർത്താനാകുമെന്ന വിശ്വാസവും ധൈര്യവുമില്ലെന്ന് മമ്മൂട്ടി തുറന്ന് പറഞ്ഞു . തമിഴ് നന്നായി അറിയാമെങ്കിലും ദളപതിയിൽ സ്വന്തം ശബ്ദം ഉപയോഗിച്ചിട്ടുണ്ടെങ്കിലും തമിഴ് ശെൽവനാകാൻ ‘താൻ പോരാ’ എന്ന് പറഞ്ഞ മമ്മൂട്ടി ഇരുവരിൽ നിന്നും അവസാന നിമിഷം പിൻമാറുകയായിരുന്നു. തുടർന്നാണ് മണിര്തനം പ്രകാശ് രാജിനെ ആ കഥാപാത്രത്തിനായി കണ്ടെത്തിയത്. മോഹൻലാലിന്റേയും പ്രകാശ് രാജിന്റേയും മണിരത്നത്തിന്റേയും എക്കാലത്തേയും മികച്ച സിനിമകളുടെ പട്ടികയിലാണ് എന്നും ഇരുവറിന്റെ സ്ഥാനം.